ജോയിന്റ്(കഞ്ചാവ്) ലഹരിയില്‍ നടുറോഡില്‍ അരാജകത്വം സൃഷ്ടിച്ച് യുവാക്കള്‍. വാഹനം ഇടിപ്പിച്ച് രണ്ടുപേരെ പരിക്കേല്‍പ്പിക്കുകയും ചോദ്യം ചെയ്തവരെ മര്‍ദ്ദിക്കുകയും ചെയ്തതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയത് സ്‌റ്റേഷനിലോട്ടു കൊണ്ടുപോവുകയായിരുന്നു.
പ്രതികളെ സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൊഴിച്ചും സ്റ്റേഷനിലെ ഫര്‍ണിച്ചര്‍ തകര്‍ത്തും അക്രമം കാട്ടി.
തൃക്കരുവ പ്രാക്കുളം തണലിടം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശക്തികുളങ്ങര കന്നിമേല്‍ചേരി അയന്തിയില്‍ വീട്ടില്‍ സൂരജ് (ഉണ്ണി23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളി മഠത്തില്‍ ശരത് (23) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ അജിമോള്‍ (49), തൃക്കരുവ സ്വദേശി ഉല്ലാസ് (40) അഞ്ചാലുംമൂട്ടില്‍ പുഷ്പ വ്യാപാരം നടത്തുന്ന അജി എന്നിവരെയാണ് യുവാക്കള്‍ മര്‍ദിച്ചത്.
ചൊവ്വ രാത്രിയോടെ അഞ്ചാലുംമൂട് പ്രധാന ജംക്ഷനിലായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഇരുവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നു. അജിയുടെ കാറിലാണ് ആദ്യം സ്‌കൂട്ടര്‍ ഇടിക്കുന്നത്.
തുടര്‍ന്ന് അവിടെ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു സ്‌കൂട്ടറിലും ഇടിച്ചു. സ്‌കൂട്ടറുമായി കടന്നുകളയാന്‍ ശ്രമിച്ചതു ചോദ്യം ചെയ്ത അജിയെ മര്‍ദിച്ച് അവശനാക്കി.
വീണ്ടും സ്‌കൂട്ടറില്‍ കടക്കാന്‍ നോക്കവേ തൃക്കരുവ സ്വദേശി ഉല്ലാസിന്റെ കാലില്‍ സ്‌കൂട്ടര്‍ ഇടിപ്പിച്ചു. അജിക്ക് തലയ്ക്കും ഉല്ലാസിന് കാലിലും പൊട്ടലുണ്ട്.
ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവം അറിഞ്ഞ് എത്തിയ സിഐ ദേവരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലെത്തിച്ചത്.
സ്റ്റേഷനിലെത്തിയതിനു പിന്നാലെ അക്രമകാരികളായ യുവാക്കളിലൊരാള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസുകാരോട് വധ ഭീഷണി മുഴക്കി സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു പ്രതികളെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.