കേച്ചേരി: കവി യൂസഫലി കേച്ചേരി ഓർമയായിട്ട് നാലുവർഷം. കവിതയെയും സിനിമാഗാനങ്ങളേയും പ്രണയിക്കുന്നവരുടെ മനസകങ്ങളിൽ യൂസഫലി കേച്ചേരി എന്ന പ്രതിഭയ്ക്കു മരണമില്ല. കവിതാസംവാദങ്ങളും കലാസാംസ്കാരിക സാഹിത്യ ചർച്ചകളും രാഷ്ട്രീയം മേന്പൊടി ചേർത്തുള്ള ചെറുവർത്തമാനങ്ങളും ഉശിരുപകരുന്ന കേച്ചേരിയുടെ സായന്തനങ്ങൾ പറയുന്നതും അദ്ദേഹത്തെക്കുറിച്ചുതന്നെ.
1934 മെയ് 16നാണ് യൂസഫലി കേച്ചേരിയുടെ ജനനം. കേച്ചേരിയിലെ പരന്പരാഗത മുസ്ലീം കുടുംബത്തിൽ ചീന്പയിൽ അഹമ്മദിന്റേയും നജ്മക്കുട്ടിയുടേയും രണ്ടാമത്തെ മകനായ യൂസഫലിയെ ചെറുപ്പം തൊട്ടേ സ്വാധീനിച്ചത് കവിതകൾ തന്നെയായിരുന്നു. കേച്ചേരി ഉണർത്തിയെടുക്കുന്ന നാടൻപാട്ടുകളും മാപ്പിളപ്പാട്ടുകളും യൂസഫലിയുടെ കവിതാപ്രണയത്തിന് മാറ്റുകൂട്ടി.
കേച്ചേരിപ്പുഴയുടേയും പെരുവൻമലയുടേയും പാടശേഖരങ്ങളുടേയും കായലോരങ്ങളുടേയും വ്യത്യസ്ത നിസ്വനങ്ങളിൽ കവിത സങ്കീർത്തനങ്ങളായപ്പോൾ യൂസഫലിയിലെ കവിയെ കേച്ചേരിയും പുറംലോകവും തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽ തന്നെയാണ് മലയാളത്തിന് മനസ്സിലിട്ടോമനിക്കാൻ മികവാർന്ന കവിതകളും വശ്യസുന്ദരങ്ങളായ സിനിമാഗാനങ്ങളുമുണ്ടായത്.
1954ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ “ഞാൻ കൃതാർത്ഥൻ’ എന്ന കവിത എഴുതിക്കൊണ്ടായിരുന്നു, യൂസഫലി കേച്ചേരി കവിതാരംഗത്തെത്തുന്നത്. തുടർന്ന് “അഞ്ചുകന്യകൾ’, “ആയിരംനാവുള്ള മൗനം’, “കേച്ചേരിപ്പുഴ’, തുടങ്ങീ കാവ്യസമാഹാരങ്ങളും സൈനബ, രാഘവീയം’ എന്നീ നീണ്ട കവിതകളും ആയിരത്തിൽപ്പരം സിനിമാഗാനങ്ങളും സിന്ദൂരച്ചെപ്പ് എന്ന തിരക്കഥയും യൂസഫലി മലയാളത്തിനു സമ്മാനിച്ചു. സിനിമാ ഗാനരചനക്കൊപ്പം സിന്ദൂരച്ചെപ്പ്, മരം, വനദേവത, നീലത്താമര എന്നീ ചിത്രങ്ങളും അദ്ദേഹം നിർമിച്ചു
. സിന്ദൂരച്ചെപ്പ് മധു സംവിധാനം ചെയ്തപ്പോൾ, മറ്റു മൂന്നു ചിത്രങ്ങളും സംവിധാനം ചെയ്തത് യൂസഫലി കേച്ചേരി തന്നെയായിരുന്നു. കേരളസാഹിത്യ അക്കാദമി അവാർഡ്, കവനകൗതുകം അവാർഡ്, ഓടക്കുഴൽ അവാർഡ് തുടങ്ങി നിരവധി കവിതാപുരസ്ക്കാരങ്ങളും കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, ലൂമിയർ അവാർഡ് എന്നീ കവിതാപുരസ്കാരങ്ങളും കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, ലൂമിയർ അവാർഡ്, ഫിലിം ക്രിറ്റിക്സ് അവാർഡ് തുടങ്ങി സിനിമാ പുരസ്കാരങ്ങളും യൂസഫലിയെ ആദരിക്കുകയായിരുന്നു.
സിനിമയിൽ സംസ്കൃതഗാനങ്ങളെഴുതി റിക്കാർഡ് സൃഷ്ടിച്ച യൂസഫലി കേച്ചേരി 2000ൽ കേന്ദ്ര സർക്കാരിന്റെ ദേശീയ പുരസ്കാരവും നേടിയെടുത്തു. അഭിഭാഷകവൃത്തി കലയ്ക്കുവേണ്ടി മാറ്റിവെച്ചാണ് യൂസഫലി കവിതയുടെയും സിനിമയുടെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങിയത്. യൂസഫലി കേച്ചേരി 2015 മാർച്ച് 21ന് യാത്രയായി.
കവിയുടെ സ്മരണാർഥം കേച്ചേരിയിലെ കലാസാംസ്കാരിക പ്രവർത്തകർ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലുമാണ്. – റസാക് കേച്ചേരി