പരസ്പര സംഗമത്തിനായി എന്ത് സാഹസത്തിനും മുതിരുന്നവരാണ് കാമുകീകാമുകന്മാര്. അങ്ങനെയുള്ളപ്പോള്‍ വിദേശത്തേയ്ക്ക് പോകുന്ന തന്റെ കാമുകിയെ വീട്ടുകാരറിയാതെ കണ്ട് യാത്ര പറയാന്‍ കാമുകന് ശ്രമിക്കാതിരിക്കുമോ. ഇത്തരത്തില്‍ തന്റെ വിദേശത്തേയ്ക്ക് പോകുന്ന കാമുകിയോട് യാത്ര ചോദിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഒരു യുവാവിന് കിട്ടിയ പണിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.
കാമുകിയുടെ വീട്ടുകാരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പര്‍ദയണിഞ്ഞാണ് കാമുകന് എയര്‍പോര്‍ട്ടിലെത്തിയത്. എന്നാല്‍ പണി പാളി, യുവാവ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി.
കാമുകിയുടെ വീട്ടുകാരുടെ മുന്നില്‍ അവളുടെ കൂട്ടുകാരിയായി അഭിനയിക്കാനാണ് തൃശൂര്‍ സ്വദേശിയായ ഇരുപതുകാരന് പര്‍ദ അണിഞ്ഞെത്തി പണി മേടിച്ചത്. തൃശൂര്‍ സ്വദേശിയായ യുവതി ജോലി നേടി കഴിഞ്ഞ ദിവസം ദുബായിലേക്കു പോകുകയായിരുന്നു.
യുവാവ് വിമാനത്താവളത്തിലെ പാര്‍ക്കിങ് മേഖലയിലെത്തി പര്‍ദ അണിയുന്നത് ചില ഡ്രൈവര്‍മാര്‍ കണ്ടു. അവര്‍ സുരക്ഷാവിഭാഗത്തെ അറിയിച്ചു. സുരക്ഷാവിഭാഗം സിസിടിവിയിലൂടെ നിരീക്ഷിച്ച് യുവാവ് ടെര്‍മിനല്‍ വരാന്തയില്‍ എത്തിയപ്പോള്‍തന്നെ പിടികൂടി. ചോദ്യം ചെയ്തതില്‍ ആള്മാറാട്ടക്കാരനു മറ്റു ലക്ഷ്യങ്ങളില്ലെന്നു മനസ്സിലായി. താക്കീതു നല്കി വിട്ടയക്കുകയും ചെയ്തു.