ചിലയാളുകള്‍ക്ക് ദേഷ്യം വന്നുകഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. തൊട്ടടുത്ത് കാണുന്ന വസ്തുവില്‍ ഇടിച്ചോ തൊഴിച്ചോ ദേഷ്യം തീര്‍ക്കുന്നവരും നിരവധി. ബോധമനസില്‍ ചെയ്യുന്നതല്ലെന്നാണ് ദേഷ്യം ശമിച്ചുകഴിയുമ്പോള്‍ ആരെങ്കിലും അതേക്കുറിച്ച് ചോദിച്ചാല്‍ ഇക്കൂട്ടര്‍ പറയുക. മനശാസ്ത്രഞ്ജരുടെ അഭിപ്രായവും അങ്ങനെ തന്നെയാണ്.
സ്വന്തം വസ്തുവകകള്‍ക്കാണ് ഇത്തരത്തില്‍ ദേഷ്യം പ്രകടിപ്പിച്ച് നാശഷ്ടം വരുത്തുന്നതെങ്കില്‍ പോട്ടെന്ന് വയ്ക്കാം. എന്നാല്‍ പൊതുമുതലോ മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ളവയോ ആണ് നശിപ്പിക്കപ്പെടുന്നതെങ്കില്‍ ചിലപ്പോ കളി കാര്യമായെന്ന് വരാം. ഇത്തരത്തില്‍ ദേഷ്യം നിയന്ത്രിക്കാനാവാതെ അത് പ്രകടിപ്പിച്ച യുവാവ് പിടിച്ച പുലിവാലാണ് വാര്‍ത്തയായിരിക്കുന്നത്. സംഭവമിങ്ങനെ…
അത്യാവശ്യമായി പണമെടുക്കുന്നതിനായി കോട്ടയത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ ഒരു യുവാവ് അരക്കിലോമീറ്റര്‍ വരെ യാത്രചെയ്ത് എടിഎമ്മില്‍ എത്തിയിട്ടും പണം ലഭിച്ചില്ല. ഇതോടെ സഹികെട്ട യുവാവ് പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ എടിഎമ്മില്‍ കൈ കൊണ്ട് ഇടിച്ചു.
എടിഎമ്മിന്റെ സിസിടിവി ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞു. പോലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ കോള്‍ എത്തിയപ്പോഴാണ് കളി കാര്യമായ വിവരം ഇയാള്‍ അറിയുന്നത്. എടിഎം മെഷീന്‍ തകര്‍ത്തുവെന്ന പേരില്‍ ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എടിഎമ്മിലെ ദൃശ്യം പരിശോധിച്ചശേഷം ഇയാള്‍ ഉപയോഗിച്ച എടിഎം കാര്‍ഡ് കണ്ടെത്തി അതിലെ പേരും വിലാസവും മനസിലാക്കിയാണ് ബാങ്ക് അധികൃതര്‍ യുവാവിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ഇപ്പോള്‍ എടിഎം തകരാര്‍ പരിഹരിക്കാന്‍ ചെലവാകുന്ന പണം നല്‍കാനും തുടര്‍ന്ന് മെഷീന്‍ തകര്‍ത്തതിന് നിയമ നടപടികളും നേരിടാനുമാണു യുവാവിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ കുറ്റം സമ്മതിക്കാന്‍ തയാറാവാതെ എടിഎമ്മിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഈ യുവാവ്. മുന്‍കോപം നാശത്തിലേ ഒടുങ്ങൂ എന്ന് പറയുന്നത് വെറുതെയല്ലെന്ന് തെളിയിക്കുകയാണ് സംഭവം.