തൃശൂർ: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഗീതഗോപി എംഎൽഎ ഉപരോധ സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സംഭവത്തിൽ എംഎൽഎയുടെ മൊഴി പോലീസ് രേഖപ്പെടത്തി. യൂത്ത് കോണ്‍ഗ്രസുകാർ ജാതീയധിക്ഷേപം നടത്തിയെന്ന ഗീത ഗോപിയുടെ പരാതിയെ തുടർന്നാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് തനിക്കെതിരെ ജാതീയധിക്ഷേപം നടത്തിയതെന്ന് എംഎൽഎ മൊഴിയെടുത്ത ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസിനോടു പറഞ്ഞു. ചാണകവെള്ളം തളിച്ച സംഭവത്തിൽ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് പഞ്ചായത്ത് അംഗങ്ങൾ എന്നിവരടക്കം 11 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. സർക്കാർ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികളുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
സ്പീക്കർ, മുഖ്യമന്ത്രി, പട്ടികജാതി-നിയമവകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, പട്ടികജാതി കമ്മീഷൻ എന്നിവർക്കെല്ലാം എംഎൽഎ പരാതി നൽകിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.