തിരുവനന്തപുരം: യുവജനകമ്മീഷൻ ജീവനക്കാർക്ക് ശന്പളം നൽകാൻ പണമില്ലെന്ന് യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. സർക്കാരിനോട് 26 ലക്ഷം രൂപ ആവശ്യപ്പെട്ടു.
എന്നാൽ 18 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. എന്നാൽ ഈ തുക തികയില്ലെന്നും കൂടുതൽ തുക വേണമെന്നുമാണ് യുവജനകമ്മീഷന്റെ ആവശ്യം.
2022 -23 സാന്പത്തിക വർഷത്തിൽ 1.03 കോടി രൂപ യുവജനകമ്മീഷന് സർക്കാർ നൽകിയിരുന്നു. ഇതിന് പുറമെയാണ് 18 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത്.
യുവജനകമ്മീഷൻ അധ്യക്ഷക്ക് മുൻകാല പ്രാബല്യത്തോടെ ശന്പളം വർധിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ഇതിൽ 8.5 ലക്ഷം രൂപ ശന്പള കുടിശികയിനത്തിൽ ചിന്തക്ക് കിട്ടാനുണ്ട്.
അതേ സമയം യുവജനകമ്മീഷന് ഇത്രയും തുക ആവശ്യമില്ലാതെ നൽകുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്ന സാഹചര്യത്തിൽ 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് യുവജനകമ്മീഷന് 18 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.