കുളത്തുപ്പുഴ : കുളത്തുപ്പുഴസര്ക്കാര് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയ മന്ത്രിയും പുനലൂര്‍ എംഎല്‍എയുമായ കെ രാജുവിനെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം. ആശുപത്രിയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് സ്ഥലം എംഎല്‍എ കൂടിയായ കെ രാജുവിന് നേരെ യൂത്ത്കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്. യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം മുന്‍കൂട്ടി അറിഞ്ഞ കുളത്തുപ്പുഴ പോലീസ് വന്‍ പോലീസ് സംഘത്തെ കുളത്തുപ്പുഴയില്‍ വിന്യസിച്ചിരുന്നു.
കനത്ത സുരക്ഷയില്‍ എത്തിയ മന്ത്രിയുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. കുളത്തുപ്പുഴ യുപിസ്കൂളിന് സമീപത്തായി പലയിടങ്ങളിലായി നിന്നായിരുന്നു യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ സ്ഥലത്ത് ഉണ്ടായിരുന്ന സിപിഐ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഉടലെടുത്തു.
കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇടപെട്ടതോടെ സംഘര്‍ഷം ഒഴിവായി. അറസ്റ്റ് ചെയ്ത യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധത്തിനിടയിൽ റോഡില്‍ തെറിച്ചുവീണ ഗ്രാമപഞ്ചായത്ത് അംഗം സിസിലി ജോബിന് പരിക്കേറ്റു.
യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുഭിലാഷ്കുമാര്‍, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മാന്‍സിംഗ്, ജോജോ, ഷമീര്‍, ഷംനാദ്, സുരാജ്, പ്രവീണ്‍, ഗ്രാമപഞ്ചായത്ത് അംഗം എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.