എംജെ ശ്രീജിത്ത്
തിരുവനന്തപുരം: ഷാഫി പറന്പിലിനെ യൂത്തു കോൺഗ്രസ് പ്രസിഡന്റായും കെഎസ് ശബരിനാഥിനെ വൈസ് പ്രസിഡന്റാക്കാനും എ ,ഐ ഗ്രൂപ്പുകൾക്കിടയിൽ ധാരണ. നിലവിലെ എംൽഎമാരായ ഇരുവരേയും ഗ്രൂപ്പുകളുടെ സമവാക്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഭാരവാഹികളാക്കുന്നത്. ഇതുവരെ യൂത്തു കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആരും നോമിനേഷൻ കൊടുത്തിട്ടില്ല.
ഈ സാഹചര്യത്തിലാണ് സമവായത്തിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികളെ നിശ്ചയിക്കാൻ അഖിലേന്ത്യ നേതൃത്വത്തിന്റെ അനുമതിയോടെ കെ.പിസിസി ആലോചിക്കുന്നത്. സംസ്ഥാന പ്രസിഡന്റാകാനുള്ള പത്തുപേരുടെ സാധ്യതാ പട്ടിക അഖിലേന്ത്യാ നേതൃത്വം പുറത്തിറക്കിയിരുന്നു. ഇതിലുൾപ്പട്ടെ പത്തുപേരും പുതിയ കമ്മറ്റിയിൽ ഉണ്ടാകും.
എ ഗ്രൂപ്പിന്റെ പ്രതിനിധിയായി തിരുവനന്തപുരത്തു നിന്നുള്ള എൻ എസ് നുസൂറും ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി റിജിൽ മാക്കുറ്റിയും ജനറൽ സെക്രട്ടറിമാരാകും. ഇതിനു പുറമേ എസ് എം ബാലുവും വിദ്യാ ബാലകൃഷണനും സംസ്ഥാന സെക്രട്ടറിമാരാകും.രമ്യ ഹരിദാസ് എംപിയെ ദേശീയ ജനറൽ സെക്രട്ടറിയാക്കാനുമാണ് ധാരണ.
സംസ്ഥാന ഭാരവാഹികളോടൊപ്പം ജില്ലാ പ്രസിഡന്റുമാരേയും ഇതോടൊപ്പം നിശ്ചയിക്കും. ഈ മാസം തന്നെ പുതിയ ഭാരവാഹികളെ നിശ്ചിക്കണമെന്ന ഉറച്ച നിലപാടിലാണ് കെപിസിസി നേതൃത്വം. നിലവിൽ എ ഗ്രൂപ്പിലെ ഡീൻ കുര്യാക്കോസാണ് സംസ്ഥാന പ്രസിഡന്റ്.
അതിനാൽ തങ്ങൾക്ക് തന്നെ പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ എ ഗ്രൂപ്പും ശബരീനാഥനെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി ഐ ഗ്രൂപ്പും നിലപാട് എടുത്തതോടെയാണ് തർക്കം രൂക്ഷമായത്. ഇതിനു പുറമേ മുൻ കെഎസ് യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിയുടെ കാലത്തുള്ള കെഎസ് യു ഭാരവാഹികളെ യൂത്തു കോൺഗ്രസ് ഭാരവാഹിപട്ടികയിൽ നിന്ന് പാടെ ഒഴിവാക്കിയതോടെ അഖിലേന്ത്യ നേതൃത്വത്തിന് വ്യാപക പരാതി ലഭിക്കുകയും ചെയ്തു.
ഇതോടെയാണ് യൂത്തു കോൺഗ്രസ് ഭാരവാഹി പട്ടിക നീണ്ടു പോകാൻ കാരണം. ഇനിയും യൂത്തു കോൺഗ്രസിന് പുതിയ നേതൃത്വം വന്നില്ലെങ്കിൽ സംഘടനാ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേയ്ക്ക് പോകുമെന്ന മുന്നറിയിപ്പ് മുതിർന്ന നേതാക്കളടക്കം നൽകിയതോടെയാണ് വീണ്ടും യൂത്തുകോൺഗ്രസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ചർച്ചകൾ സജീവമായത്.
സംസ്ഥാന ജില്ലാ കമ്മറ്റികൾ പുനഃസംഘടിപ്പിച്ചാൽ മാത്രമെ ബ്ലോക്ക് മണ്ഡലം കമ്മറ്റികളുടെ തെരഞ്ഞെടുപ്പുകളിലേയ്ക്ക് പോകാൻ സാധിക്കു. അതിനാൽ എത്രയും വേഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു കൊണ്ടുള്ള പട്ടിക പുറത്തിറക്കണമെന്ന ആവശ്യം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ തന്നെ അഖിലേന്ത്യ നേതൃത്വത്തോട് ആവശ്യപ്പെടും.