പെരുമ്പാവൂർ: രാഹുൽ ഗാന്ധിക്ക് ഛായചിത്രം നൽകുന്നതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചു. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ് 23ന് പെരുമ്പാവൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എൽദോസ് കുന്നപ്പിള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പെരുമ്പാവൂർ സുഭാഷ് മൈതാനിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് സമ്മാനിക്കാൻ കൊണ്ടുവന്ന ഛായചിത്രം ആര് സ്റ്റേജിൽ കയറി നൽകും എന്നതിലാണ് കലഹമുണ്ടായത്. മൂന്നു പേരെ ഇതിനായി ചുമതലപ്പെടുത്തി സുരക്ഷാ ഉദ്യോഗസ്ഥരോട് അനുവാദം വാങ്ങിയിരുന്നു.
എന്നാൽ ഗ്രൂപ്പ് തിരിഞ്ഞ് പ്രശ്നം ഉണ്ടാക്കിയതോടെ രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉദ്യോഗസ്ഥർ ഛായാചിത്രം നൽകാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ സംഘർഷം ഉടലെടുത്തെങ്കിലും നേതാക്കളും പോലീസും ഇടപെട്ട് ഇത് ഒഴിവാക്കി. ചൊവ്വാഴ്ച രാത്രി പാർട്ടി ഓഫീസിൽ അനുനയ ചർച്ചയും നടന്നു.
എന്നാൽ ബുധനാഴ്ച രാത്രി ഒമ്പതോടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കമ്പിവടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി ഇരുഗ്രൂപ്പുകളും തമ്മിൽ സംഘർഷമുണ്ടായതായാണ് വിവരം.
സംഘർഷത്തിൽ പരിക്കേറ്റ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഒരാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും രണ്ടുപേരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.