തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ തയാറാക്കിയ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയല്ലെന്ന് പോലീസ്. വ്യാജ കാർഡ് നിർമാണത്തിന്റെ തുടക്കം എവിടെനിന്നാണെന്നതിന് ഉൾപ്പെടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു.
പോലീസ് പിടിച്ചെടുത്ത കന്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ഫോറൻസിക് അന്വേഷണത്തിന് അയയ്ക്കും. ഇവയുടെ പരിശോധനഫലം വന്നശേഷം ശക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് പോലീസ്.
അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ ദിവസം വിശദമായ വാദങ്ങൾക്കുശേഷമാണ് ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണൻ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഇവര്‍ നാല് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേസിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. സിആർ കാർഡ് ആപ്പുവഴി തിരിച്ചറിയൽ കാർഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെയ്സൺ തോമസിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
ആപ്പിൽനിന്നു ലഭിച്ച മദർ തിരിച്ചറിയൽ കാർഡ് ഉടമയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിനായി തിരുവനന്തപുരത്തുനിന്നുള്ള അന്വേഷണസംഘം തൃക്കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.
തൃക്കരിപ്പൂരിലെ പോലീസ് സ്റ്റേഷനിൽ വച്ചായിരിക്കും ചോദ്യം ചെയ്യുക. ഇയാൾ ഒളിവിലാണെന്ന സംശയവും പോലീസ് പങ്കുവയ്ക്കുന്നുണ്ട്. കാസർഗോഡ് ജില്ലയിൽ വ്യാപകമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. അന്വേഷണം കാസർഗോട്ടേക്കും വ്യാപിപ്പിക്കും.
തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ച സംഭവത്തിൽ പത്തനംതിട്ടയിലും കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പ്രത്യേക അന്വേഷണ സംഘം.
അതേസമയം വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് നൽകി. നാളെ രാവിലെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. പ്രതികളായ ഫെനി നൈനാനും ബിനിൽ ബിനുവിനും രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായം ലഭിച്ചുവോ എന്ന സംശയത്തിന്റെ പുറത്താണ് പോലീസ് നീക്കം.
പ്രതികൾ മൊബൈൽ ഒളിപ്പിച്ചത് രാഹുലിന്റെ സാന്നിധ്യത്തിലാണെന്ന സംശയവും പോലീസിനുണ്ട്. രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് വിവരം. തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്