കോട്ടയം: നവകേരള ബസിനുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്നുപ്രതിഷേധിച്ചത്. കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തവരെ രാത്രി വൈകിയും വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ന് എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ചിന്ദു കുര്യന് ജോയി, ഷോമി ചാമത്ര തുടങ്ങിയ നേതാക്കള്‍ സ്റ്റേഷനിലെത്തിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് വിട്ടയച്ചത്.
ഇന്നലെ രാവിലെ എസ്എച്ച് മൗണ്ടില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍, ജില്ല വൈസ് പ്രസിഡന്റ് അനൂപ് അബൂബക്കര്‍, സംസ്ഥാന സെക്രട്ടറി രാഹുല്‍ രാജീവ്, പി.കെ. വൈശാഖ്, യദു സി. നായര്‍, അരുണ്‍ ഫിലിപ്പ്, വിഷ്ണു വിജയന് എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ അറസ്റ്റ് ചെയ്ത് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലേക്കാണു കൊണ്ടുപോയത്. ഇവിടെനിന്നു വൈദ്യപരിശോധനയ്ക്ക് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തിരികെ കിടങ്ങൂര്‍ സ്റ്റേഷനിലെത്തിച്ച പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന് ജാമ്യം അനുവദിച്ചു.
എന്നാല്‍ ഇവിടെനിന്നു വിട്ടയയ്ക്കാന് പിന്നീട് പോലീസ് അനുവദിച്ചില്ല. മുഖ്യമന്ത്രി ജില്ല വിട്ടതിനുശേഷം വിട്ടയച്ചാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രവര്‍ത്തകരെ തടഞ്ഞുവച്ചത്.
ഇവിടെനിന്നു പ്രതിഷേധക്കാരെ വീണ്ടും ഗാന്ധിനഗര്‍ സ്റ്റേഷനിലേക്കു കൊണ്ടുവന്നു. ഇവിടെ എത്തിച്ചിട്ടും വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ കുത്തിയിരുന്നത്.
സംഭവം അറിഞ്ഞ് തിരുവഞ്ചൂര്‍ രാധാകൃഷ്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തിയതിനു ശേഷമാണ് രാത്രി 10.30 ഓടെ പ്രവര്‍ത്തകരെ വിട്ടയച്ചത്.