ഒരിക്കല്‍ മുഖ്യശത്രു. പിന്നീടെപ്പോഴോ പ്രധാനശത്രു ദുര്‍ബലമാകുകയും പുതിയൊരു എതിരാളി ഉയര്‍ന്നുവരുകയും ചെയ്തപ്പോള്‍ ശത്രുക്കള്‍ തമ്മില്‍ കൈകൊടുത്ത് ഭായ്-ഭായ് ആയിത്തീര്‍ന്നു. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം ബന്ധത്തെ ഈവിധത്തില്‍ വിശേഷിപ്പിക്കാം. ലോക്സഭ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്കെതിരേ ഒന്നിച്ചു കൈപിടിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞത് അടുത്തിടെയാണ്. അന്നൊന്നും രാഹുല്‍ ഗാന്ധിക്കെതിരേ വിമര്ശനമുയര്ത്താത്ത കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ പരസ്യ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നു.
ബംഗാളില്‍ സിപിഎമ്മുമായി ചേരുന്നത് കാസര്‍ഗോഡ് പാര്‍ട്ടിക്കായി എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായ പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാനത്തെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിന് കത്തെഴുതിയിരിക്കുകയാണ്. സിപിഎം നിരന്തരം തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ അവരുമായി ബന്ധം സ്ഥാപിക്കുന്നത് നാണക്കേടാണെന്നും ഇത്തരത്തിലുള്ള നീക്കുപോക്കുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും യൂത്ത് കോണ്‍ഗ്രസില്‍ ഒരുവിഭാഗം പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും രാഹുല്‍ ഗാന്ധി അനുശോചനക്കുറിപ്പില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമാണ്. അടുത്തിടെ കേരളത്തില്‍ എത്തിയപ്പോഴും മൃതുവായി സിപിഎമ്മിനെ ആക്രമിക്കാന്‍ മാത്രമാണ് രാഹുല്‍ ശ്രമിച്ചത്. കാസര്‍ഗോട്ടെ ആക്രമണത്തിലും രാഹുല്‍ ഈ തണുപ്പന്‍മട്ട് തുടര്‍ന്നത് കോണ്‍ഗ്രസുകാരെ നിരാശരാക്കിയിട്ടുണ്ട്.