കോട്ടയം: പ്രകടനത്തിനിടയില് അടിയില് കലാശിച്ച യൂത്ത് കോണ്ഗ്രസ് ജില്ലാ സമ്മേളനം സംസ്ഥാന നേതൃത്വം മരവിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു ശേഷം മെംബര്ഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തില് പുതിയ ജില്ലാ കമ്മിറ്റി നിലവില് വരും.
അതുവരെ ഒരു പരിപാടിയും നടത്തേണ്ടന്നാണ് സംസ്ഥാന നേതൃത്വം നല്കിയിരിക്കുന്ന നിര്ദേശം. എന്നാല് തൃശൂരില് നടക്കുന്ന സംസ്ഥാന സമ്മേളനത്തില് ജില്ലയില് നിന്നുള്ള പ്രതിനിധികള് പങ്കെടുക്കും.
ശനിയും ഞായറും കോട്ടയത്തു നടത്താനിരുന്ന ജില്ലാ സമ്മേളനമാണ് ശനിയാഴ്ച വൈകിട്ടു യുവജനറാലിയെത്തുടര്ന്നുള്ള പൊതുസമ്മേളനത്തിൽ അടിയില് കലാശിച്ചത്.
ഇതേത്തുടര്ന്ന് ഇന്നലെ നടക്കേണ്ട പ്രതിനിധി സമ്മേളനം വേണ്ടന്നു വച്ചു. പ്രതിനിധി സമ്മേളത്തിനായി 200 പേര്ക്കു ഭക്ഷണം ക്രമീകരിച്ചിരുന്നു. ഭക്ഷണം പിന്നീട് അനാഥാലയത്തില് വിതരണം ചെയ്തു.
ഡിസിസിയിലെ ഒരു വിഭാഗവും യൂത്ത് കോണ്ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ശനിയാഴ്ച വാക്കേറ്റത്തിലും സംഘര്ഷത്തിലും കലാശിച്ചത്. യുവജന റാലി സമാപനത്തിനുശേഷമാണ് സംഘര്ഷമുണ്ടായത്.
പൊതുസമ്മേളനത്തില് ആന്റോ ആന്റണി എംപി പ്രസംഗിക്കുന്നതിനിടയില് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് ഷാഫി പറമ്പിലിനു മുദ്രാവാക്യം വിളിച്ചു സമ്മേളന നഗറിലേക്ക് എത്തി.
ഇതേസമയം നാട്ടകം സുരേഷിനെ യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ജോയി വേദിയിലേക്കു ക്ഷണിച്ചു. തുടര്ന്നു സമ്മേളനനഗറില് ഇരുവിഭാഗവും തമ്മില് അഭിപ്രായ ഭിന്നത ഉടലെടുക്കുകയും സംഘര്ഷത്തില് കലാശിക്കുകയുമായിരുന്നു.
നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന വിഭാഗവും ചിന്തു കുര്യനെ അനുകൂലിക്കുന്ന വിഭാഗവും തമ്മിലായിരുന്നു ഏറ്റുമുട്ടല്. സംഘര്ഷം അറിഞ്ഞ യൂത്ത് കോണ്ഗ്രസ് സംസ്ഥാന നേതൃത്വം സമ്മേളനം നിര്ത്തിവയ്ക്കാന് നിര്ദേശിക്കുകയായിരുന്നു.
പൊതുസമ്മേളനത്തിലേക്ക് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ക്ഷണിച്ചിരുന്നില്ലെന്നും ഇന്നലെ നടക്കേണ്ട പ്രതിനിധി സമ്മേളനത്തിലേക്കാണു ക്ഷണിച്ചതെന്നുമായിരുന്നു ചിന്റു കുര്യന് ജോയി പ്രതികരിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം നടന്ന സംഭവത്തെപ്പറ്റി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിക്കാന് തയാറായില്ല.ഏറെ നാളായി ജില്ലയില് ഡിസിസിയും യൂത്ത് കോണ്ഗ്രസും തമ്മില് അഭിപ്രായ ഭിന്നതയിലാണ്.
യൂത്ത് കോണ്ഗ്രസിന്റെ നേതൃത്വത്തില് ശശി തരൂര് എംപിയെ കോട്ടയത്തു വിവിധ പരിപാടികളില് പങ്കെടുപ്പിച്ചതിനെച്ചൊല്ലി യൂത്ത് കോണ്ഗ്രസും ഡിസിസിയും തമ്മില് ഭിന്നത രൂക്ഷമായിരുന്നു.
കെപിസിസി നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷം വീണ്ടും ഡിസിസിയും യൂത്ത് കോണ്ഗ്രസും തമ്മിലുള്ള ഭിന്നതയുണ്ടായത് കോണ്ഗ്രസിനുള്ളില് വരും ദിവസങ്ങളില് വലിയ ചര്ച്ചയ്ക്കു വഴിതെളിക്കും.