തിരുവനന്തപുരം/കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.
കോഴിക്കോട് പന്തീര്‍പ്പാടത്ത് രണ്ട് കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. വയനാട്ടിലേക്ക് പോകുകയായിരുന്ന ബസുകൾക്ക് നേരയാണ് കല്ലേറുണ്ടായത്. കൊച്ചിയിലും വിവിധയിടങ്ങളിൽ ഹർത്താലനുകൂലികൾ ബസുകൾ തടഞ്ഞെന്നാണ് വിവരം.
തിരുവനന്തപുരം കിളിമാനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. ബസ് തടഞ്ഞ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് ജില്ലയില്‍ കോൺഗ്രസും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. കൃപേഷ്, ശരത് ലാൽ എന്നിവരാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.
ഹർത്താലിൽ അക്രമം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ്. അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് കേരള പോലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
ജനങ്ങളുടെ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ അടിയന്തര നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇന്നു തുറക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും സംരക്ഷണം നൽകുമെന്നും പോലീസ് അറിയിച്ചു