കാഞ്ഞങ്ങാട്: കല്യോട്ട് ഇരട്ടക്കൊലക്കേസ് അന്വേഷണം ഏറ്റെടുത്തതിന്റെ രണ്ടാം നാളിലും ക്രൈം ബ്രാഞ്ച് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സംഘം കൊല ചെയ്യപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നു രാവിലെ ഡിവൈഎസ്പിമാരായ വി.എം.പ്രദീപ്, ഷാജു ജോസ് എന്നിവരുടെ നേത്യത്വത്തിൽ രണ്ടു സംഘമായാണ് അന്വേഷണം തുടങ്ങിയത്.
കൃത്യം നടന്ന സ്ഥലത്തിന്റെ രൂപരേഖ, ഇവിടെ നിന്നും അടുത്തുള്ള വീടുകളുമായുള്ള അകലം എന്നിവ രേഖപ്പെടുത്തി.
കൂടാതെ നാട്ടുകാരിൽ നിന്നും മൊഴിയെടുത്തു വരുന്നു. നേരത്തെ പോലീസ് എടുത്ത മൊഴിയും പുതിയ മൊഴിയും താരതമ്യം ചെയ്യും.
ഇത്തരം പ്രാഥമികാന്വേഷണങ്ങൾ പൂർത്തിയാക്കിയതിനു ശേഷമേ പ്രതികളെ ചോദ്യം ചെയ്യുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസ് കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട്: ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ക്യാമ്പ് ഓഫീസ് കാഞ്ഞങ്ങാട്ടാണ് പ്രവർത്തിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്പി വി.എം. മുഹമ്മദ് റഫീക്ക്, ഡിവൈഎസ്പിമാരായ വി.എം. പ്രദീപ്, ഷാജു തോമസ്, കാസർഗോഡ് ക്രൈംബ്രാഞ്ച് സിഐ സി.എ.അബ്ദുൾ റഹീം എന്നിവരാണ് അന്വേഷണ സംഘത്തിലെ പ്രധാനികൾ. ലോക്കൽ പോലീസിൽ നിന്നും ഏതാനും പേരെ അന്വേഷണ സംഘത്തിൽ ചേർക്കാനിടയുണ്ട്.ഇവരുടെ പേര് നിർദേശിച്ചിരുന്നുവെങ്കിലും അഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.