തിരുവനന്തപുരം: നവകേരള സദസിനെതിരായ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിൽ വീടുകൾക്കു നേരെയും അക്രമം. യൂത്ത് കോൺഗ്രസ്-ഡിവൈെഫ്ഐ സംഘർഷത്തെ തുടർന്ന് ആറ്റിങ്ങലില്‍ ഇരുകൂട്ടരും പരസ്പരം വീടുകൾ ആക്രമിച്ചു.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടും ആറ്റിങ്ങൽ നഗരസഭ കൗൺസിലറായ സിപിഎം നേതാവ് നജാമിന്റെ വീടുമാണ് ഇന്നലെ രാത്രി ആക്രമിക്കപ്പെട്ടത്.
മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ബുധനാഴ്ച കരിങ്കൊടി കാണിച്ചത് ഡി വൈ എഫ് പ്രകർത്തകർ തടഞ്ഞത് ഇരുകൂട്ടരും തമ്മിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് ഇന്നലെ രാത്രി സംഘർഷം നടന്നത്.
ഇന്നലെ രാത്രി സുഹൈലിന്റെ വീടിനു നേരെ യായിരുന്നു ആദ്യ ആക്രമണം. പോലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം എന്ന് കോൺഗ്രസുകാർ ആരോപിക്കുന്നു. ആക്രമണത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണ് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പിന്നാലെ ഏറെ വൈകാതെ നജാമിന്റെ വീടിനു നേരെ ആക്രമണമുണ്ടായി. പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന്സിപിഎം ആരോപിച്ചു. സംഭവത്തെത്തുടർന്ന് വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
സുഹൈലിന്റെ വീടിന് പൊലീസ് കാവലുണ്ടായിരിക്കെയാണ് ആക്രമണം നടന്നത്. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആറ്റിങ്ങലിൽ പ്രകടനം നടത്തി.
നവകേരള സദസിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഭാഗങ്ങളിൽ വ്യാപക സംഘർഷമാണ് ഇന്നലെ നടന്നത്.