യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുധീഷിനെ അക്രമിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
ഡിസിസി ഓഫീസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ഉദ്യോഗസ്ഥൻ വയർലെസ് സെറ്റ് കൊണ്ടാണ് സുധീഷിനെ ആക്രമിച്ചതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
തികച്ചും ആസൂത്രിതമായ അക്രമണമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. സിപിഎമ്മിന്റെ ചാവേർ അക്രമത്തിന് പോത്സാഹനം നൽകുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ യാതൊരു പ്രകോപനവുമില്ലാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നിലപാടും ഗുരുതരമായ വീഴ്ചയുമാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിരവധി പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണ്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാഹിദിന്റെ ബൈക്ക് അടിച്ചു പൊളിച്ചു. നവകേരള സദസ് സിപിഎം പരിപാടിയായി മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിഷേധം സ്വാഭാവികമാണെന്നും തുടരുമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ പറഞ്ഞു. തുടക്കം കുറിച്ചത് പോലീസാണ്. ചോരക്കളം തീർക്കാൻ യൂത്ത് കോൺഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഷമ്മാസും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.