തോമസ് വര്‍ഗീസ്
തിരുവനന്തപുരം: കഴിഞ്ഞ മാര്‍ച്ചില്‍ കാലാവധി അവസാനിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ ഭാരവാഹികള്‍ ത്രിശങ്കുവിൽ.
പുതിയ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചെങ്കിലും സ്ഥാനമൊഴി യുന്നവർക്ക് കെപിസിസി, ഡിസിസി തലങ്ങളില്‍ പുതിയ ഭാരവാഹിത്വം നല്‍കുന്നത് സംബന്ധിച്ച കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഈ മാസം 28ന് പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ സംസ്ഥാന പ്രസിഡന്റ് മുതല്‍ മണ്ഡലം പ്രസിഡന്റുമാര്‍ വരെ ചുമതലയേല്‍ക്കും.
ഈ സാഹചര്യത്തില്‍ കഴിഞ്ഞ കമ്മിറ്റിയിലെ ഭാരവാഹികളെ കെപിസിസി ഡിസിസി തലങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതായുണ്ട്. എന്നാൽ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകളൊന്നും പാര്‍ട്ടിതലത്തില്‍ ആരംഭിച്ചിട്ടില്ല.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് കുറച്ചുസമയം മാത്രം മുന്നില്‍നില്‍ക്കെ നിലവിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ പാര്‍ട്ടി ഭരണഘടനപ്രകാരം പാര്‍ട്ടി സ്ഥാനങ്ങളില്‍ നിയമിക്കേണ്ടതാണെന്ന ആവശ്യം യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടു വച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാരെ ഡിസിസി തലങ്ങളിലും സംസ്ഥാന പ്രസിഡന്റ്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കെപിസിസി തലത്തിലും ഉള്‍പ്പെടുത്തുകയാണ് പതിവ്.
മൂന്നു വര്‍ഷം മുമ്പ് ഷാഫി പറമ്പില്‍ എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും കെ.എസ്. ശബരീനാഥിനെ വൈസ് പ്രസിഡന്റായും നാമനിര്‍ദേശം ചെയ്യുകയായിരുന്നു.
ഈ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് കാമ്പയിനും വോട്ടെടുപ്പും അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്.
നിലവില്‍ 5.28 ലക്ഷം പേരെയാണ് മെമ്പര്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എ വിഭാഗത്തില്‍ നിന്നും രാഹുല്‍ മാങ്കൂട്ടവും ഐ വിഭാഗത്തില്‍ നിന്നും അബിന്‍ വര്‍ക്കിയുമാണ് പ്രസിഡന്റ് സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.