റെനീഷ് മാത്യു
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസി വെട്ടി. 16 പേരുടെ പേരുകളായിരുന്നു യൂത്ത്കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിക്കും കെപിസിസിക്കും നൽകിയത്.
യൂത്ത് കോൺഗ്രസ് സമർപ്പിച്ച പട്ടിക കെപിസിസി നേതൃത്വത്തിന് എഐസിസി കൈമാറിയിരുന്നു. എന്നാൽ, ഈ പട്ടികയിലെ പകുതിയോളം പേരെ ഒഴിവാക്കി കെപിസിസി പുതിയ പട്ടിക തയാറാക്കി എഐസിസി നേതൃത്വത്തിന് സമർപ്പിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കി പകരം സീനിയേഴ്സിനെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്.ഇതിനെതിരേ യൂത്ത്കോൺഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ, കെ.എസ്.ശബരീനാഥ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
കാസർഗോഡ് ഉദുമയിൽ ബി.പി. പ്രദീപ്കുമാർ, കണ്ണൂരിൽ റിജിൽ മാക്കുറ്റി, കോഴിക്കോട് ജില്ലയിൽ വിദ്യാ ബാലകൃഷ്ണൻ, ധനീഷ് ലാൽ, ദുൽഖിഫിൽ, മലപ്പുറത്ത് എം. രോഹിത്, റിയാസ് മുക്കോളി, തൃശൂരിൽ ശോഭ സുനിൽ, പാലക്കാട് ഡോ. ടി. സരിൻ, ഇടുക്കിയിൽ മുകേഷ് മോഹനൻ, ആലപ്പുഴയിൽ എം.വി. പ്രദീപൻ, കൊല്ലത്ത് അരുൺരാജ് കുണ്ടറ, തിരുവനന്തപുരത്ത് എസ്.എം. ബാലു, എന്.എസ്. മുസൂർ എന്നിവരുടെ പേരുകളായിരുന്നു യൂത്ത്കോൺഗ്രസ് സമർപ്പിച്ച പട്ടികയിലുണ്ടായിരുന്നത്.
കൂടാതെ, യുഡിഎഫ് ഘടകകക്ഷികൾക്ക് കൊടുക്കുന്ന സീറ്റിനെ ചൊല്ലിയും യൂത്ത്കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്.