തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. മറ്റ് കേസുകളും ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്.
കേസിലെ പ്രധാന പ്രതിയായ ജയ്സന്റെ ഓഫീസിലും വീട്ടിലും വീണ്ടും പരിശോധന നടത്തും. അന്വേഷണം കൂടുതൽ നേതാക്കളിലേക്കും വ്യാപിപ്പിക്കും. നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഡീഷണല്‍ ചീഫ് ഇലക്ടറൽ ഓഫീസര്‍-2 നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പരാതിയിൽ എഫ്ഐആർ ഇട്ടിരിക്കുന്നത്.
ഐപിസി 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കിയതായും ശക്തമായ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ പരാതി നൽകിയത്.
വ്യാജ തിരിച്ചറിയൽ കാർഡ് വ്യാപകമായി നിർമിച്ചെന്നാണ് പോലീസ് കണ്ടെത്തൽ. സിആര്കാർഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം.
പത്തനംതിട്ടയിൽ മാത്രം ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ജയ്സൺ ആപ്പ് വ്യാപകമായി പങ്കുവച്ചന്നും പോലീസ് കണ്ടെത്തി. സിആർ കാർഡ് ആപ്പ് ഉപയോഗിച്ചവരെ കണ്ടെത്താൻ പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.