കോട്ടയം: ഡിസിസി പ്രസിഡന്റ് നിയമനത്തിനെതിരേ കടുത്ത വിമർശനവുമായി മുതിർന്ന ഗ്രൂപ്പു നേതാക്കൾ പരസ്യമായി രംഗത്തുവന്നപ്പോഴും കോൺഗ്രസിൽ ചെറുപ്പക്കാരുടെ മൗനം ശ്രദ്ധേയമാകുന്നു.
ഗ്രൂപ്പിന്റെ അതിപ്രസരം കോൺഗ്രസിനെ നശിപ്പിക്കുമെന്ന വികാരം കോൺഗ്രസിലെ യുവതലമുറയിൽ ശക്തമാകുന്നതിന്റെ സൂചനയാണ് ഇതു നൽകുന്നത്. നേരത്തെ പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ ഗ്രൂപ്പ് നേതാക്കൾക്കു വേണ്ടി ചാവേറുകളായി രംഗത്തിറങ്ങുന്നതു പലപ്പോഴും ചെറുപ്പക്കാരായിരുന്നു.
ഗ്രൂപ്പുകളിക്കില്ല
ചെറുപ്പക്കാരെ രംഗത്തിറക്കി ഗ്രൂപ്പുകളുടെ വികാരം നേതൃതലങ്ങളിൽ എത്തിക്കുന്ന രീതിയും കോൺഗ്രസിൽ ശക്തമായിരുന്നു. എന്നാൽ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിട്ടതോടെ ഇനി ഗ്രൂപ്പുകളിയുമായി മുന്നോട്ടുപോയാൽ കോൺഗ്രസിനു വലിയ ഭാവിയുണ്ടാകില്ലെന്നു വികാരം ശക്തമായി.
യുവതലമുറയിലാണ് ഈ ചിന്ത കൂടുതൽ ശക്തമായത്. കെ.സുധാകരനും വി.ഡി. സതീശനും നേതൃത്വത്തിലേക്കു വന്നതോടെ മാറ്റം അനിവാര്യമാണെന്ന സന്ദേശം ഹൈക്കമാൻഡും പാർട്ടിക്കു നൽകി. അതോടെയാണ് സജീവ ഗ്രൂപ്പു പ്രവർത്തനത്തിൽനിന്നു യുവാക്കൾ പതിയെ വിട്ടുനിന്നു തുടങ്ങിയത്.
ചാവേറുകളല്ല
ഗ്രൂപ്പുകളുടെ ഭാഗമായി തുടരാന് നല്ലൊരു വിഭാഗം യുവനേതാക്കള്ക്കും താത്പര്യമില്ലെന്നതാണ് സ്ഥിതി. നിലവിലെ ഗ്രൂപ്പുനേതാക്കൾക്കു ഹൈക്കമാൻഡിലും പാർട്ടിയിലുമുള്ള സ്വാധീനം കുറഞ്ഞുവരികയാണെന്നും ഇനി അവർക്കു വേണ്ടി ചാവേറുകളായതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും ചെറുപ്പക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
നേതാക്കൾക്കു വേണ്ടി ചാവേറുകളായി നിന്നിരുന്ന മുൻ യൂത്ത് കോൺഗ്രസ് നേതാക്കൾ പോലും പുതിയ സാഹചര്യത്തിൽ മൗനംപാലിച്ചിരിക്കുകയാണ്.പുതിയ ഭാരവാഹികളായി വന്നവർ പെട്ടിതൂക്കികളല്ല എന്നു സതീശൻ തുറന്നടിച്ചു പറഞ്ഞതും ചെറുപ്പക്കാരുടെ മനസ് തിരിച്ചറിഞ്ഞാണ്.
മാത്രമല്ല ഗ്രൂപ്പുകളി തുടർന്നാൽ കോൺഗ്രസ് യാദവകുലംപോലെ നശിക്കുമെന്ന തിരുവഞ്ചൂർ രാധാകൃഷ്ൺ അടക്കമുള്ള മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങളും ഇപ്പോഴത്തെ നേതൃത്വത്തിന് ഊർജം പകർന്നിട്ടുണ്ട്.
ആശ്രിത നേതാക്കൾ
ഗ്രൂപ്പ് നേതാക്കൾ പരസ്പരം ചർച്ച ചെയ്തു നേതാക്കളെയും സ്ഥാനമാനങ്ങളും തീരുമാനിക്കുന്ന രീതിയായിരുന്നു കോൺഗ്രസിൽ കുറെക്കാലമായി നിലനിന്നിരുന്നത്. പ്രധാന ഗ്രൂപ്പുകളുടെ നേതാക്കൾ തമ്മിൽ ധാരണയുണ്ടാക്കുകയും അതു ഹൈക്കമാൻഡിനെക്കൊണ്ട് അംഗീകരിപ്പിക്കുകയുമായിരുന്നു പതിവ്.
ഇതുകൊണ്ടു തന്നെ നേതാക്കളെ പ്രീതിപ്പെടുത്തി നിൽക്കുന്നവർക്കു മാത്രമേ കോൺഗ്രസിൽ ഭാവിയും വളർച്ചയും സ്ഥാനമാനങ്ങളും കിട്ടൂ എന്നതായിരുന്നു സ്ഥിതി.അതുകൊണ്ടു തന്നെ നേതാക്കൾക്കുവേണ്ടി ചാവേറുകളാകാനും പെട്ടി ചുമക്കാനുമൊക്കെ ആശ്രിതരെപ്പോലെ നടക്കുന്നവരായിരുന്നു യുവതലമുറിയിലെ നേതാക്കളിൽ ഏറെയും.
ഇതുമൂലം പാർട്ടിപ്രവർത്തനമെന്നു പറഞ്ഞാൽ ഗ്രൂപ്പ് പ്രവർത്തനവും ഏതെങ്കിലുമൊക്കെ നേതാക്കളെ പ്രീതിപ്പെടുത്തി നിൽക്കലും മാത്രമാണെന്ന മനോഭാവവും യുവാക്കൾക്കിടയിൽ ശക്തമായി. ജനങ്ങളുമായി ബന്ധമുള്ള പുതിയ നേതൃനിരയെ വളർത്തിയെടുക്കുന്നതിന് ഇതു വലിയ തടസമായിരുന്നു.
ആത്മാർഥതയോടെ പാർട്ടിപ്രവർത്തനം നടത്തുന്നവർക്കു യാതൊരു വിലയും ഇല്ലാത്ത അവസ്ഥയും. കോൺഗ്രസിനു തിരിച്ചടി നേരിടാൻ പ്രധാന കാരണം ഈ സാഹചര്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെയാണ് ഗ്രൂപ്പ് മേധാവികൾ കാര്യങ്ങൾ തീരുമാനിക്കുന്നതിൽനിന്നു മാറ്റം വന്നാലെ പാർട്ടി വളരൂ എന്ന ചിന്ത ശക്തമായത്.
പുതിയ രീതികൾ കോൺഗ്രസിന് ഊർജം പകരുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. നേതാക്കളെ മാത്രം പ്രീതിപ്പെടുത്തി നടക്കാതെ പാർട്ടിക്കു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയും ആത്മാർഥമായി പ്രവർത്തിക്കാൻ യുവതലമുറയ്ക്ക് ഇതു പ്രേരണ നല്കുമെന്നും പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നു.