കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പഠന വകുപ്പുകളിലേക്ക് ടീച്ചിംഗ് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി നടത്തിയ വാക്ക്-ഇൻ-ഇന്റർവ്യൂവിനെതിരേ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇന്നു രാവിലെ പത്തിനാണ് സർവകലാശാലയുടെ താവക്കര കാന്പസിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യു നടത്തിയത്.
സർവകലാശാല ആദ്യമിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത് പിജി പാസായവരെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പായിരുന്നു. എന്നാൽ ഇന്നലെ യോഗ്യത വീണ്ടും തിരുത്തിയതിനെതിരേയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം.
സർവകലാശാല പഠന വകുപ്പുകളിൽനിന്നും സർവകലാശാലയ്ക്ക് കീഴിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളിൽനിന്നും 2015-17 ബാച്ചിൽ ആദ്യ മൂന്ന് റാങ്ക് കരസ്ഥമാക്കിയ ഉദ്യോഗാർഥികളെ മാത്രമാണ് പരിഗണിക്കുന്നതെന്ന് കാണിച്ച് സർവകലാശാല ഇന്നു പത്രങ്ങളിൽ അറിയിപ്പ് നൽകിയിരുന്നു.
ഇതിനെതിരേയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. സിപിഎം നേതാക്കളുടെ മക്കൾക്ക് ജോലികിട്ടുവാൻ കണ്ണൂർ സർവകലാശാല ഉണ്ടാക്കിയ പ്രത്യേക മാനദണ്ഡമാണിതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികളെ സർവകലാശാലയുടെ പിൻവാതിലിലൂടെ രാവിലെ പത്തോടെ തന്നെ കയറ്റിയിരുന്നു.
സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, സുധീപ് ജയിംസ്, വി.കെ. അതുൽ, സി.കെ. റനീസ്, നിതീഷ് ചാലാട് എന്നിവർ നേതൃത്വം നൽകി.