തോമസ് വർഗീസ്
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന, ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം നടത്തിയപ്പോൾ ഒഴിച്ചിട്ടിരിക്കുന്ന എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയക്ക് മൂന്നാമനെത്തുമോ? നിലവിൽ എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ഫലം വരണാധികാരി തടഞ്ഞുവച്ചിരിക്കയാണ്.
എ, ഐ ഗ്രൂപ്പുകളുടെ സ്ഥാനാർഥിമാർക്കെതിരേ സാന്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കേസുകൾ ഉണ്ടെന്നു കാട്ടി ഇരുപക്ഷവും യൂത്ത് കോണ്ഗ്രസ് ദേശീയ നേതൃത്വത്തിനും റിട്ടേണിംഗ് ഓഫീസർക്കും പരാതി നല്കിയ പശ്ചാത്തലത്തിലാണ് എറണാകുളത്തെ ഫലപ്രഖ്യാപനം നടത്താത്തത്.
നിലവിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ പി.എച്ച് അനൂപിന്റെയും സിജോ ജോസഫിന്റെയും ഫലങ്ങളാണ് തടഞ്ഞുവച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയക്ക് ഒ.എസ്. സൽമാൻ, അഡ്വ. കെ.പി. ശ്യാം അമൃത എം പൈ എന്നിവർ വിജയിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ സിജോ, അനൂപ് എന്നിവർക്കെതിരേ രാഷ്ട്രീയേതര ക്രിമിനൽ കേസുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ആരെയെങ്കിലും പ്രസിഡന്റ് സ്ഥാനത്തേയക്ക് പരിഗണിക്കപ്പെടുമോ എന്ന ചോദ്യവും ഉയരുന്നു.
ഇക്കുറി വിജയിച്ച ജില്ലാ പ്രസിഡന്റുമാരിൽ ആറു പേർ എ ഗ്രൂപ്പിൽ നിന്നും അഞ്ചു പേർ ഐഗ്രൂപ്പിൽ നിന്നുമുള്ളവരാണ്. എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്ത് എ ഗ്രൂപ്പിനുള്ളിൽനിന്നു തന്നെ രണ്ടു പേർ മത്സര രംഗത്തെത്തിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പിന്തുണയോടെ മത്സരിച്ച ഗൗരീ ശങ്കർ വിജയിച്ചു. പത്തനംതിട്ടയിലെ വിജയ് ഇന്ദുചൂഡന്റെ വിജയവും ഗ്രൂപ്പ് സമവാക്യങ്ങൾക്ക് ഉപരിയായിട്ടുള്ളതാണ്.