തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് ജീപ്പ് അടിച്ച് തകർക്കുകയും ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രതാപൻ നായരുടെ തല എറിഞ്ഞ് തകർക്കുകയും ചെയ്ത കേസിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. നേമം സ്വദേശി അനിൽകുമാർ (33), കള്ളിക്കാട് സ്വദേശി ബിനു (30) എന്നിവരാണ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂണിവേഴ്സിറ്റി കോളജിലെ അഖിൽ എന്ന വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസീം എന്നിവരുടെ വീടുകളിൽ നിന്നും യൂണിവേഴ്സിറ്റിയുടെ ഉത്തരകടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച് നടന്നത്.
ഈ ആവശ്യം ഉന്നയിച്ച് കഐസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് നിരാഹാര സമരം നടത്തി വന്നിരുന്നു. സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ നിരാഹാരം അനുഷ്ഠിച്ച് വരികയായിരുന്ന അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.