തൃശൂർ: ആശുപത്രി മാറ്റത്തിനിടെ ആംബുലൻസിൽ രോഗി മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്. ആംബുലൻസിൽ ആവശ്യമായ ഓക്സിജൻ ലഭ്യമായിരുന്നുവെന്ന റിപ്പോർട്ടാണ് സൂപ്രണ്ട് ഡിഎംഒയ്ക്ക് കൈമാറിയത്. വിഷയത്തിൽ ഡിഎംഒയും കോർപറേഷൻ മേയറും റിപ്പോർട്ട് തേടിയിരുന്നു. കിഴക്കുംപാട്ടുകര സ്വദേശി പരേതനായ കരേരക്കാട്ടിൽ കൊച്ചാപ്പുവിന്റെ മകൻ കെ.കെ. സെബാസ്റ്റ്യൻ(64) ആണ് ഇന്നലെ മരിച്ചത്.
ജില്ലാ ആശുപത്രിയിൽനിന്നും ഗവ. മെഡിക്കൽകോളജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ആശുപത്രി അധികൃതർ സിലിണ്ടർ നിഷേധിച്ചതിനാലാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ശ്വാസംമുട്ടിന് ഏറെനാളായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സെബാസ്റ്റ്യനെ ശനിയാഴ്ചയാണ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസംമുട്ട് അധികമായതോടെ ഇന്നലെ ജില്ലാ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് രാവിലെ 11.30 ഓടെ ജില്ലാ ആശുപത്രിയുടെ ആംബുലൻസിൽ പുറപ്പെട്ടു. ശ്വാസതടസമുള്ള സാഹചര്യത്തിൽ ഓക്സിജൻ മാസ്ക് ധരിച്ചിരുന്നെങ്കിലും ഐസിയുവിലെ സിലിണ്ടർ ആയിരുന്നതിനാൽ ഇതു നീക്കിയത്രേ.
ആംബുലൻസിൽ സിലിണ്ടർ ഉണ്ടെന്നാണ് അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പകരം ഓക്സിജൻ സിലിണ്ടർ നൽകാൻ ജില്ലാ ആശുപത്രി അധികൃതർ തയാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പരിചരണത്തിന് നഴ്സ് ഉണ്ടായിരുന്നില്ല. ഒരു അറ്റൻഡർ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
യാത്ര തുടങ്ങി രണ്ടുകിലോമീറ്റർ പിന്നിട്ടപ്പോഴേയ്ക്കും ആംബുലൻസിലെ ഓക്സിജൻ തീരുകയും രോഗി മരിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്റെ ബന്ധുക്കൾ തൃശൂർ ടൗണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതേസമയം സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഇന്നു രാവിലെ ആശുപത്രിയിലേക്കു മാർച്ചു നടത്തി.