കടുത്തുരുത്തി: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയെ രാത്രിയില്‍ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കേസില്‍ രണ്ടു പേര് കൂടി പിടിയിലാകാനുണ്ട്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് ആരോപണമുയര്‍ന്നെങ്കിലും സംഭവത്തില്പെട്ടവരെ ഒരാഴ്ച്ച മുമ്പ് ഡിവൈഎഫ്ഐയില്‍ നിന്നു പുറത്താക്കിയതാണെന്ന് നേതാക്കള്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം സെക്രട്ടറി വാലാച്ചിറ പനച്ചിക്കാലായില്‍ ജിന്‍സ് കുര്യന് (30) ആണ് മര്‍ദനമേറ്റത്. ഇയാള്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ ചികിത്സയിലാണ്.
മുട്ടുചിറ മൈലാടുംപാറ സ്വദേശികളായ ജിതിന്, സാവിയോ, അരുണ്‍ ബാബു, തോമസുകുട്ടി, സച്ചിന് ബിനോയി, അജയല് എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന ജിന്‍സിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു.
സംഭവവുമായി ബന്ധപെട്ട് തോമസുകുട്ടി, അജയല്, അരുണ്‍ ബാബു, സച്ചിന് ബിനോയി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.
രാഷ്ട്രീയ സമര്‍ദങ്ങളെ തുടര്‍ന്ന് കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്കാന് പോലീസ് ആദ്യം തയാറായിരുന്നില്ല.തിങ്കളാഴ്ച്ച രാത്രി പത്തോടെ കുറുപ്പന്തറ വര്‍ഷാ ഹോട്ടലിന് സമീപത്ത് വച്ചാണ് ജിന്‍സിനെ പ്രതികള്‍ മര്‍ദിച്ചത്.
ഡ്രൈവറായി ജോലി നോക്കുന്ന ജിന്‍സ് ഹോട്ടലിലേക്ക് പോയ ഓട്ടം വിളിച്ചയാളെ പ്രതീക്ഷിച്ച കാറുമായി ഹോട്ടലിന് സമീപം നില്‍ക്കുമ്പോളാണ് ആറുപേരും ചേര്‍ന്ന് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.
താക്കോലിന് തലയ്ക്കിടിച്ചു പരിക്കേല്പിച്ചതായും സിഗരറ്റ് കത്തിച്ചു വയറ്റില്‍ കുത്തി പൊള്ളലേല്‍പിച്ചതായും പരാതിയിലുണ്ട്. ജിന്‍സിന്റെ വയറ്റില്‍ സിഗരറ്റിന് കുത്തിയ പാടുകളുണ്ട്.
രാത്രിയില്‍ പ്രതികള്‍ ഫോണില്‍ വിളിച്ചു നിരന്തരം ചീത്ത വിളിക്കുകയും ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്ന2തായി ജിന്‍സ് പറയുന്നു.
സംഭവത്തിലെ പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന തരത്തില്‍ നവമാധ്യമങ്ങില്‍ പ്രചരണം ഉണ്ടായതോടെയാണ് ഇവരെ ഒരാഴ്ച്ച മുമ്പ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്ന പ്രചാരണം ഉണ്ടായത്.