കോട്ടയം: നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരളസദസ് ജില്ല വിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ പുതിയ വിവാദം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് ഗ്രൂപ്പ് തിരിഞ്ഞാണെന്നാണ് യൂത്ത് കോണ്‍ഗ്രസില്‍ ഉയരുന്ന വിവാദം.
ബുധനാഴ്ച രാവിലെ എസ്എച്ച് മൗണ്ടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചപ്പോള്‍ ഒരുവിഭാഗം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു.
തുടര്‍ന്ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ നടന്ന നവകേരള സദസിലേക്കുള്ള യാത്രാമധ്യേ കരിങ്കൊടി കാണിച്ചപ്പോള്‍ ചാണ്ടി ഉമ്മനെ അനുകൂലിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്കി.
ചങ്ങനാശേരിയില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തെ അനുകൂലിക്കുന്നവരും കരിങ്കൊടിയുമായി രംഗത്തെത്തി. രാത്രിയില്‍ തിരുനക്കരയില്‍ കെ.സി. ജോസഫ് അനുകൂലികളായ യൂത്ത് കോണ്‍ഗ്രസിലെ എ വിഭാഗമാണു പ്രതിഷേധവുമായി രംഗത്തെത്തിയത്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം മൂര്‍ച്ഛിക്കാന്‍ കാരണമായത്.
സംഘടനാ തെരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ വിഭാഗത്തിനു ലഭിച്ചു. എ ഗ്രൂപ്പിലെ തന്നെ ഉമ്മന്‍ ചാണ്ടി വിഭാഗത്തിനു കനത്ത തിരിച്ചടിയാണ് ജില്ലയിലുടനീളം ലഭിച്ചത്.
ഇതോടെ എ ഗ്രൂപ്പിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനമാണ് ജില്ലയില്‍ നടന്നുവരുന്നത്. മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം ശക്തമാക്കാന്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ജില്ലയിലെ ഗ്രൂപ്പ് പ്രവര്‍ത്തനം പ്രതിഷേധ സമരത്തിനു തടസമാകുകയും ഗ്രൂപ്പു തിരിഞ്ഞ് സമരം നടത്താനിടയാക്കുകയും ചെയ്തു.
പാലായില്‍ തോമസ് ചാഴിക്കാടനെ വിമര്‍ശിച്ചതും ഹൈക്കോടതിയില്‍നിന്നുള്ള പരാമര്‍ശങ്ങളും ശബരിമല വിഷയങ്ങളും മുഖ്യമന്ത്രിയ്ക്കെതിരേയുള്ള വിമര്‍ശനത്തിനിടയാക്കിയിരുന്നു.