ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻഡിൽ അത്യാസന്ന നിലയിൽ കിടന്നയാളെ ആശുപത്രിയിലെത്തിക്കാൻ സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസുകാർ. തമിഴ്നാട് സ്വദേശിയെന്നു കരുതുന്ന വൃദ്ധനാണ് നാലുദിവസമായി അനാഥാവസ്ഥയിൽ ദുർഗന്ധം വമിച്ചു ഈച്ചപൊതിഞ്ഞു കിടന്നിരുന്നത്.
അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ബാബുവിന്റെ നേതൃത്വത്തിൽ റോഡുപരോധിച്ചു പ്രതിഷേധത്തിനൊരുങ്ങി. സംഭവമറിഞ്ഞ നഗരസഭാ അധികൃതർ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ വിവരമറിയിച്ചു. മൂവായിരം രൂപ ചികിത്സാ ചെലവും നഗരസഭ അറിയിച്ചു.
ജില്ലാ ആശുപത്രി ആംബുലൻസിൽ വൃദ്ധനെ കൊണ്ടുപോയി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തിയിരുന്നു. നഗരസഭ ഇടപെട്ടതോടെ സമരത്തിൽ നിന്നും പ്രവർത്തകർ പിന്മാറുകയായിരുന്നു.