റെനീഷ് മാത്യു
കണ്ണൂർ: കേരളത്തിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പട്ടിക ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. പട്ടികയിൽ എംപിമാരും എംഎൽഎമാരുമടക്കം 10 പേരാണുള്ളത്. രണ്ട് വനിതകളും പട്ടികയിലുണ്ട്. എറണാകുളം എംപി ഹൈബി ഈഡൻ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർ എൻ.എസ്. നുസൂർ, യൂത്ത് കോൺഗ്രസ് കൊല്ലം പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് എസ്.ജെ. പ്രേംരാജ്, ആലത്തൂർ എംപി രമ്യ ഹരിദാസ്, യൂത്ത് കോൺഗ്രസ് കണ്ണൂർ പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് മലപ്പുറം പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്.എം. ബാലു, അരുവിക്കര എംഎൽഎ കെ.എസ്.
ശബരീനാഥ്, പാലക്കാട് എംഎൽഎ ഷാഫി പറന്പിൽ, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്. ഇതിൽ രമ്യ ഹരിദാസ്, ഹൈബി ഈഡൻ എന്നിവർ എംപിമാരാണ്. കെ.എസ്. ശബരീനാഥ്, ഷാഫി പറന്പിൽ എന്നിവർ എംഎൽഎമാരുമാണ്. എംപിമാരും എംഎൽഎമാരും സ്ഥാനമാനങ്ങൾ ഏറ്റെടുക്കേണ്ടന്ന കർശന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
ഏഴു വർഷമായി ഉണ്ടായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് കഴിഞ്ഞദിവസം ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ തെരെഞ്ഞെടുപ്പ് വേണ്ട, സമവായത്തിലൂടെ നേതാക്കളെ തെരഞ്ഞെടുക്കണമെന്നാണ് കെപിസിസിയുടെ നിലപാട്.