കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ചു. ആലുവ ഗസ്റ്റ് ഹൗസിലാണ് ഇന്ന് രാവിലെ 7.30 ഓടെ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം തടഞ്ഞ് പ്രതിഷേധമുയര്‍ത്തിയത്. ലക്ഷദ്വീപിലേക്ക് പോകാനെത്തിയ ഇവര്‍ ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം.
ആലുവ പാലസില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന ഗവര്‍ണറുടെ വാഹന വ്യൂഹത്തിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.ബി.സുനീറിന്റെ നേതൃത്വത്തിലുള്ളവര്‍ പ്രതിഷേധിക്കുകയായിരുന്നു. 10 മിനിറ്റോളം പ്രതിഷേധക്കാര്‍ വാഹനം തടഞ്ഞു നിര്‍ത്തി.
അപ്രതീക്ഷിതമായാണ് ആലുവയില്‍ പ്രതിഷേധം ഉണ്ടായത്. അതിനാല്‍ തന്നെ കൂടുതല്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് കൂടുതല്‍ പോലീസ് സന്നാഹമെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തെ മണിപ്പൂര്‍ സര്‍ക്കാരും ജനങ്ങളും ഒരേപോലെ സ്വീകരിച്ചുവെന്നും അവിടെ പ്രശ്നങ്ങളില്ലെന്നും നജ്മ ഹെപ്തുള്ള പ്രതികരിച്ചു.