തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പം കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന് വിമാനത്തിനുള്ളില്‍ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് എന്നിവരാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കയറിയത്.
കണ്ണൂരില്‍ നിന്നും ഇരുവരും കയറിയപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. കറുപ്പ് വേഷം അണിഞ്ഞ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്.
ആര്‍സിസിയില്‍ രോഗിയെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞിരുന്നത്.
യാത്രാ രേഖകളും കൃത്യമായിരുന്നതിനാല്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് പ്രതിഷേധമുണ്ടായത്.