യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ കൂട്ടത്തല്ല്, സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ജില്ലാ സെക്രട്ടറിമാര്‍ക്ക് വേദിയില്‍ വച്ച് മുണ്ട് പോയി, തൊടുപുഴയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ അടിക്കാഴ്ച്ച ഇങ്ങനെ

തൊടുപുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മിലടിച്ചത് ആഘോഷിച്ച് എതിരാളികള്‍. ബുധനാഴ്ച്ച വൈകുന്നേരം തൊടുപുഴയിലായിരുന്നു നാടകീയ സംഭവങ്ങള്‍. ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി കൈയേറ്റത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് വൈകീട്ട് എട്ടോടെ മങ്ങാട്ടുകവലയിലായിരുന്നു പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയ സംഭവം.

ജോയ്‌സ് ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ‘ജനകീയ വിചാരണ യാത്ര’യുടെ സമാപനവേദിയിലായിരുന്നു നേതാക്കള്‍ തമ്മിത്തല്ലിയത്. സമ്മേളനത്തിന്റെ അധ്യക്ഷ പദവിയെ ചോദ്യം ചെയ്തുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘര്‍മുണ്ടായത്. വേദിയില്‍ തമ്മിത്തല്ലിയ നേതാക്കന്‍മാരുടെ പലരുടേയും മുണ്ടും ഷര്‍ട്ടും കീറി. വേദിയില്‍ വച്ച് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ സാന്നിധ്യത്തിലായിരുന്നു തമ്മിലടി.

സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യാത്രയുടെ ബുധനാഴ്ച ലോറേഞ്ചിലെ ഏഴിടത്ത് സ്വീകരണമുണ്ടായിരുന്നു. ഇതിന്റെ സമാപന സമ്മേളന വേദി മങ്ങാട്ടുകവലയിലാണ് നിശ്ചയിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോസിനെ ്അധ്യക്ഷനാക്കണമെന്നായിരുന്നു എ ഗ്രൂപ്പ് വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ഐ ഗ്രൂപ്പ് ഇതിനെ അനുകൂലിച്ചില്ല. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനുമായ വി. താജുദ്ദീനെ അധ്യക്ഷനാക്കാനാണ് ഐ വിഭാഗം തീരുമാനിച്ചത്. ഇതേച്ചൊല്ലി സമ്മേളനത്തിന് മുമ്പ് തന്നെ ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി.

സമ്മേളനം തുടങ്ങിയപ്പോള്‍ താജുദ്ദീനെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ക്ഷണിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. വേദിയിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എ ഗ്രൂപ്പ് അനുകൂലികളുമായ നിയാസ് കൂരാപ്പള്ളി, ജിയോ മാത്യു, സാം ജോസ്, മാത്തുക്കുട്ടി എന്നിവര്‍ എതിര്‍പ്പുമായി എഴുന്നേറ്റു. അധ്യക്ഷനാകാനുള്ള യോഗ്യതയെ ചോദ്യം ചെയ്ത് താജുദ്ദീന്റെ മുണ്ട് നിയാസ് പിടിച്ചു വലിച്ചു.

ഇതോടെ വേദിയിലു ണ്ടായിരുന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ എ ഗ്രൂപ്പുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ താഴെയുണ്ടായിരുന്ന ഇരു വിഭാഗം അണികളും പ്രകോപിതരായി. അതോടെ കൂട്ടയടിയുമായുമായി. സംഘര്‍ഷത്തിനിടെ ജിയോയുടേയും നിയാസിന്റേയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കാന്‍ ഐ-എ ഗ്രൂപ്പ് വിഭാഗങ്ങളുടെ നീക്കം.

Related posts