കോട്ടയം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കോട്ടയത്തു യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഏറ്റുമുട്ടലിൽ കലാശിച്ചു.
യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവർക്കു പരിക്കേറ്റു.
യൂത്ത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു നടത്തിയ മാർച്ചാണു സംഘർഷത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 7.30നാണു സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നഗരത്തിൽനിന്നു മുദ്രാവാക്യം മുഴക്കി സിപിഎം ഓഫീസിലേക്കു പോവുകയായിരുന്നു.
ഈ സമയം സിഐടിയു, മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ് പരിസരത്തുനിന്നു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ പഴയ പോലീസ് സ്റ്റേഷൻ വഴി മുദ്രാവാക്യം വിളികളുമായി എത്തി.
ഇതിനിടെ കല്ലേറുമുണ്ടായി.ഇരുന്പുവടി പോലുള്ള ആയുധമുപയോഗിച്ചുള്ള ആക്രമണത്തിൽ ചിന്റുവിനും കുഞ്ഞ് ഇല്ലംപള്ളിക്കും പരിക്കേൽക്കുകയായിരുന്നു.
നെറ്റിയിലാണ് ഇരുവർക്കും പരിക്കേറ്റിരിക്കുന്നത്. കുഞ്ഞ് ഇല്ലംന്പള്ളിയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
തുടർന്നു ചിന്റു കുര്യന്റെ നേതൃത്വത്തിൽ പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചു. റോഡിന്റെ ഒരു ഭാഗത്തു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും മറുഭാഗത്തു ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും നിലയുറപ്പിച്ചിരുന്നു.
ഒടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സ്ഥലത്തെത്തി പ്രവർത്തകരുമായി ചർച്ച നടത്തി ചിന്റുവിനെ ആശുപത്രിയിലേക്കു മാറ്റിയതോടെയാണു സംഘർഷം അയഞ്ഞത്.
ഇതിനിടെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തർ റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു.സംഘർഷ സാധ്യത നിലനില്‍ക്കുന്നതിനാൽ രാത്രിയിലും വൻ പോലീസ് സന്നാഹമാണ് സ്ഥലത്തു കാവൽ നില്‍ക്കുന്നത്.