ഇന്റര്‍നെറ്റ്, സമൂഹമാധ്യമങ്ങള്‍ എന്നിവ വഴിയുള്ള തട്ടിപ്പുകള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. എത്ര അനുഭവങ്ങള്‍ കേട്ടാലും എത്ര ഉപദേശിച്ചാലും ആളുകള്‍ വീണ്ടും വീണ്ടും തട്ടിപ്പുകള്ക്കിരയാവുകയാണ്. സമാനമായ രീതിയിലുള്ള, വിചിത്രമായ ഒരു തട്ടിപ്പ് കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിത അയച്ചു കൊടുത്ത ‘സ്നേഹ സമ്മാനം’ കാരണം ഒരു ലക്ഷം രൂപയാണ് യുവാവിന് നഷ്ടമായത്. എന്നാല്‍ തുക മുടക്കിയിട്ടും സമ്മാനമൊട്ട് കിട്ടിയതുമില്ല. സംഭവമിങ്ങനെ…
ഫേസ്ബുക്കില്‍നിന്നു പരിചയപ്പെട്ട് പിന്നീട് വാട്സ്ആപ്പ് ചാറ്റിംഗ് തുടങ്ങിയ യുവതി യുവാവിന്റെ വിലാസം ആവശ്യപ്പെട്ടു. സമ്മാനം അയച്ചു താരാനാണെന്ന് പറഞ്ഞപ്പോള്‍ യുവാവ് മടികൂടാതെ അത് നല്‍കുകയും ചെയ്തു.
പിറ്റേന്ന് സമ്മാനം അയച്ചിട്ടുണ്ടെന്ന സന്ദേശവുമെത്തി. തൊട്ടടുത്ത ദിവസം ഡല്‍ഹി കസ്റ്റംസില്‍നിന്ന് വിളിച്ച് വിലകൂടിയ സാധനങ്ങളായതിനാല്‍ കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 24,000 രൂപ അടയ്ക്കണമെന്ന് അറിയിച്ചു. ഇതുപ്രകാരം കസ്റ്റംസിന്റേതാണെന്ന് പറയുന്ന മിസോറാമിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 17ന് പണം കൈമാറി.
അവിടെ തീര്‍ന്നില്ല പിറ്റേന്ന് 18ന് രാവിലെ വീണ്ടും ഫോണ്‍കോള്‍ വന്നു. പെട്ടിക്കകത്ത് ഡോളറുകള്‍ ഉണ്ടെന്നും നിയമ ലംഘനം നടത്തിയതിന് നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സന്ദേശം. സമ്മാനം തിരിച്ചയക്കാന്‍ യുവാവ് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയെങ്കില്‍ കേസുകള്‍ വിദേശത്തായിരിക്കുമെന്ന് യുവാവിനെ പറഞ്ഞ് ധരിപ്പിച്ചു.
ഇതില്‍ വിരണ്ട യുവാവ് 70,000 രൂപ നേരത്തെ പണമിട്ട അക്കൗണ്ടിലേക്ക് അയച്ചു. തുടര്‍ന്നും വിവിധ കാരണങ്ങള്‍ ഉന്നയിച്ച് പണം ആവശ്യപ്പെട്ടപ്പോള്‍ ഇത് തട്ടിപ്പാണെന്ന് മനസിലാക്കി യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.