പൂന: 2019 ഖേലൊ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ആദ്യ ദിനം കേരളത്തിന് സ്വർണവും വെള്ളിയും വെങ്കലവും. പെണ്‍കുട്ടികളുടെ അണ്ടർ 21 വിഭാഗം ട്രിപ്പിൾ ജംപിൽ 13.13 മീറ്റർ താണ്ടി സാന്ദ്ര ബാബു കേരള അക്കൗണ്ടിൽ സ്വർണമെത്തിച്ചു.
സാന്ദ്രയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ പൂന ബാലേവാഡി ശ്രീ ഛത്രപതി സ്പോർട്സ് കോംപ്ലക്സിൽ കണ്ടത്. വ്യക്തിഗത ദൂരം മെച്ചപ്പെടുത്തിയ സാന്ദ്രയുടെ വകയായിരുന്നു കേരള അക്കൗണ്ടിലെ ആദ്യ സ്വർണം.
എന്നാൽ, കേരള അക്കൗണ്ടിലെ ആദ്യ മെഡൽ ആണ്‍കുട്ടികളുടെ അണ്ടർ 21 വിഭാഗം ലോംഗ്ജംപിൽ നിർമൽ സാബുവിന്റെ വകയായിരുന്നു. 7.59 മീറ്ററുമായാണ് നിർമൽ വെള്ളി കരസ്ഥമാക്കിയത്. 7.58 മീറ്ററുമായി കേരളത്തിന്റെ അഖിൽ ടി.വി. വിജു വെങ്കലത്തിലെത്തി. 7.72 മീറ്റർ ദൂരം ചാടിയ ഉത്തർപ്രദേശിന്റെ റിഷഭ് റിഷിഷ് ഈയിനത്തിൽ സ്വർണം നേടി.