രംഗബോധമില്ലാത്ത കോമാളിയാണ് മരണമെന്ന് വെറുതെ പറയുന്ന ഒന്നല്ലെന്ന് ആ കോമാളിയെ നേരിട്ട് കണ്ടിട്ടുള്ള പലര്‍ക്കും മനസിലാവും. അപ്രതീക്ഷിതമായി കടന്നു വരുന്ന മരണം ആ വ്യക്തിയുമായി ബന്ധപ്പെട്ട വ്യക്തികളെ എത്രമാത്രം ഉലയ്ക്കുമെന്നും അതുകൊണ്ടു തന്നെ മരണം എന്ന വില്ലനെ സ്വീകരിക്കാന്‍ ഏത് സമയത്തും ഒരുങ്ങിയിരിക്കണമെന്നുമുള്ള സന്ദേശമാണ്, മലപ്പുറം സ്വദേശിയായ ജരീര്‍ എന്ന യുവാവ് നല്‍കുന്നത്.
ഭാര്യയുടെ അപ്രതീക്ഷിത മരണത്തില്‍ സങ്കടം മറച്ചുപിടിച്ച് വേദനയോടെ സംസാരിക്കുന്ന മലപ്പുറത്തെ ജരീര്‍ എന്ന യുവാവിന്റെ പോസ്റ്റും വിഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജരീരും ഭാര്യ നുസ്ഹയും രണ്ട് കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് മരണം അപ്രതീക്ഷിതമായി കടന്നുവന്നത്. നുസ്ഹയുമൊത്തുള്ള അവസാനയാത്രയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. രംഗബോധമില്ലാതെ എത്തിയ മരണത്തെക്കുറിച്ച് ജരീരിന്റെ വാക്കുകള്‍ ഇങ്ങനെ:
ഞങ്ങള്‍ സംസാരിച്ച് കൊണ്ട് പോകുകയായിരുന്നു. കുളപ്പുറത്തെത്താനായപ്പോള്‍ അവളുടെ വാക്കുകള്‍ മുറിഞ്ഞു. മകന് സിയ നുസ്ഹയുടെ മാറില്‍ നിന്ന് താഴേക്ക് ഊര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നു. ഞാന്‍ വണ്ടി ഓടിക്കുന്നു. സിയ ഊര്‍ന്നു പോകുന്നു.
നുസ്ഹ സീറ്റിലേക്ക് ചരിഞ്ഞു ചാഞ്ഞ് കിടക്കുന്നു. ഞാന്‍ വണ്ടി സൈഡാക്കി. അവള് വിളിച്ചിട്ട് കേള്‍ക്കുന്നില്ല. ഞാന്‍ കുട്ടികളെ രണ്ടു പേരെയും എടുത്തു.
അവളുടെ മരണമായിരുന്നു അത്. എത്ര ലളിതമായിരുന്നു. മരണത്തിന്റെ യാതൊരു വേദനയും കാണിക്കാതെ. എന്നോടൊരു വാക്ക് പോലും പറയാതെ.
തലേന്ന് രാത്രിയും ഞങ്ങള്‍ മക്കളെ കുറിച്ചാണ് പറഞ്ഞത്. അവള്‍ക്ക് കൊടുത്ത വാക്ക് ഞാന്‍ പൂര്‍ത്തീകരിക്കും. എന്റെ മക്കളുടെ കാര്യത്തില്‍ നിങ്ങള്‍ സഹതപിക്കേണ്ടതില്ല. എല്ലാം ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. ഒരു പക്ഷെ അടുത്ത ദിവസങ്ങളിലായി എന്റെ മക്കള്‍ ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞേക്കാം. അവിടെന്നങ്ങോട്ടുള്ള കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. അതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.