കമുക് കയറല്‍ ജോലിക്കെത്തി, യുവതിയുമായി പ്രണയത്തിലാവുകയും പിന്നീട് ഒളിച്ചോടുകയും ചെയ്ത യുവാവിനെയും യുവതിയെയും 23 ദിവസത്തെ തെരച്ചിലിന് ശേഷം കാട്ടില്‍ നിന്നും കണ്ടെത്തി. കാടിനുള്ളില്‍ കായ്കനികളും ഫലങ്ങളും ഭക്ഷിച്ച് ജീവിച്ചിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പോലീസിന്റെ കണ്ണില്‍പെടുകയും ഓടി രക്ഷപ്പെടുകയും പിന്നീട് നാട്ടുകാരുടെ പിടിയില്‍ പെടുകയുമായിരുന്നു.
21 കാരന്‍ ജോര്‍ജ്ജും 17 വയസ്സുകാരിയായ പെണ്‍കുട്ടിയുമാണ് നാട്ടുകാരുടെ പിടിയില്‍ പെട്ടത്. ജനുവരി ആറിനായിരുന്നു ഇരുവരും ഒളിച്ചോടിയത്. കുമളി സ്വദേശിനിയായ പെണ്‍കുട്ടിയെ പള്ളിയില്‍ പോകുന്നവഴിക്ക് ജോര്‍ജ്ജ് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ഇലവീഴാപ്പൂഞ്ചിറയിലെ വനത്തിനുള്ളില്‍ ഇരുവരും ഒളിച്ചു കഴിയുന്നതായി കണ്ടെത്തിയ നാട്ടുകാര്‍ പോലീസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി തെരയുന്നതിനിടയില്‍ ഇവര്‍ പോലീസിന് മുന്നില്‍ വന്നു ചാടുകയും അവിടെ നിന്നും ഓടി രക്ഷപ്പെട്ട് നാട്ടുകാരുടെ പിടിയില്‍ പെടുകയുമായിരുന്നു.
അതേസമയം അപ്പു ജോര്‍ജ് (21) സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. സ്ത്രീകളെ വലയില്‍ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ കെണിയില്‍ വീഴ്ത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.2 വര്‍ഷം മുന്‍പ് ചിങ്ങവനത്തുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു.
മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയില്‍ നിന്നു കാര്‍ഷികവിഭവങ്ങള്‍ മോഷ്ടിച്ച് വില്‍പന നടത്തിയിരുന്നതായും പോലീസിനു വിവരം ലഭിച്ചു.
കഴിഞ്ഞ ആറിന് സണ്‍ഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടി തിരച്ചെത്തിയില്ല. വീട്ടുകാര്‍ കുമളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പെണ്‍കുട്ടിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാര്‍ ഹൈക്കോടതിയിലും പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു.
നാട്ടുകാരുടെ സഹായത്തോടെ വനത്തില്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂര്‍ മലയില്‍ നിന്നു പോലീസ് കണ്ടെത്തി. എന്നാല്‍ ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളില്‍ ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെണ്‍കുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ഇന്നലെ പുലര്‍ച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂര്‍ മലയില്‍ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പോലീസിന്റെ മുന്നില്‍പ്പെട്ടു. അടൂര്‍മല സിഎസ്ഐ പള്ളിയുടെ പാരിഷ് ഹാളില്‍ രഹസ്യമായി താമസിക്കുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ രണ്ടു വഴിക്ക് ഓടി. പിന്നാലെ പോലീസും നാട്ടുകാരും . പെണ്‍കുട്ടി ശരംകുത്തിയിലെ ഒരു വീട്ടില്‍ അഭയം പ്രാപിച്ചു. വീട്ടുകാര്‍ വെള്ളവും ആഹാരവും നല്‍കി. നാട്ടുകാര്‍ പെണ്‍കുട്ടിയെ തടഞ്ഞു വച്ചു പോലീസില്‍ അറിയിച്ചു. കുടയത്തൂര്‍ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാരും പോലീസും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.