സ്വന്തം ലേഖകന്‍
കോഴിക്കോട് : കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത്ലീഗ് പിരിച്ച ഫണ്ട് , തിരിമറി സംബന്ധിച്ചുള്ള പരാതിയില്‍ അന്വേഷണം നിലച്ചു.
തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം നിലച്ചത്. കൂടാതെ കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടും മറ്റു ക്രമസമാധാനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടേണ്ടി വന്നതിനാല്‍ ഫണ്ട്തിരിമറി താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പരാതിക്കാരനും യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലത്തിന്റെ മൊഴി വിശദമായി പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനും സാധിക്കുന്നില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
ഈ രേഖകളില്‍ നിന്നും ഫണ്ട് തിരിമറി സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.യൂത്ത് ലീഗ് നേതാക്കളായ സി.കെ.സുബൈര്‍ , പി.കെ.ഫിറോസ് എന്നിവര്‍ക്കെതിരേയാണ് യൂസഫ് പോലീസില്‍ പരാതി നല്‍കിയത്.
കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നിയമസഹായത്തിനും മറ്റു സഹായങ്ങള്‍ക്കുമായി 2018 ഏപ്രില്‍ മുതല്‍ യൂത്ത് ലീഗ് പണപിരിവ് നടത്തിയിരുന്നു.
വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ലക്ഷങ്ങള്‍ ഈ ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിദേശഫണ്ടുകള്‍ സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല.
ജനങ്ങളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും മറ്റുള്ളവരേയും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം സമാഹരിച്ചത്. ഇതിന് പുറമേ വെള്ളിയാഴ്ച സംസ്ഥാനത്തെ മുസ്ലീം പള്ളികളില്‍ നിന്നും പണം സമാഹരിച്ചു.
എന്നാല്‍ ഈ പണം മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്തുവെന്നാണ് പരാതി.