മുക്കം : നീലേശ്വരം ഗവ: ഹയർ സെക്കന്‍ഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ നിന്ന് വിട്ടു നിന്ന യൂത്ത് ലീഗ് നേതാവിനെതിരെ നടപടി. പാർട്ടി അച്ചടക്കം ലംഘിച്ചതായി ആരോപിച്ച് അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് നഗരസഭ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.കെ.യാസറിനെ സസ്പെന്റ് ചെയ്യുകയായിരുന്നു.
യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് അച്ചടക്ക നടപടിയെടുത്തത്. അതേ സമയം മാർച്ചിൽ നിന്ന് വിട്ടു നിന്ന മറ്റ് 20 ഓളം പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മുക്കം എഇഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്നാണ്
യൂത്ത് ലീഗ് നഗരസഭ സെക്രട്ടറി എം.കെ.യാസറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ വിട്ടുനിന്നത്. സംഭവത്തിൽ അധ്യാപകരെ സസ്പെന്റ് ചെയ്യുകയും വിദ്യാഭ്യസ വകുപ്പ് അന്വേഷണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ നടത്തിയ മാർച്ച് അൺഎയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അത് പൊതുവിദ്യാലയത്തിന്റെ തകർച്ചക്ക് കാരണമാവുമെന്നും യാസർ പറഞ്ഞിരുന്നു .
ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ വിട്ടു നിന്നതോടെ അത് മുക്കം നഗരസഭ ലീഗ് നേതൃത്വത്തിലും പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്ന സാഹചര്യത്തിലാണ് നേതൃത്വം ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ചത്.