കോഴിക്കോട്: യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രി ടി.പി. രാമകൃഷ്ണന്റെ വാഹനം തടഞ്ഞു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ മലപ്പുറം വളാഞ്ചേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയതിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞത്.
വ്യാഴാഴ്ച രാവിലെ കോഴിക്കോട് കളക്ട്രേറ്റ് പരിസരത്താണ് സംഭവം. കളക്ട്രേറ്റിന്റെ പ്രധാനകവാടം പ്രവർത്തകർ ഉപരോധിച്ചുകൊണ്ടിരിക്കെ മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധക്കാർ വാഹനം തടഞ്ഞത്.
മന്ത്രിയെ മറ്റൊരു കവാടത്തിലൂടെ പോലീസ് കടത്തിവിട്ടുവെങ്കിലും പ്രവർത്തകർ ഇവിടെ നിലയുറപ്പിച്ചു. ഇതോടെ പോലീസ് ലാത്തിവീശി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ലോക്ക്ഡൗൺ നിയമം ലംഘിച്ചതിന് ഇരുപതോളം പ്രവർത്തകർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു.