മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേലിക്കെട്ടുകളെ പൊളിക്കുകയാണ് പ്രളയം. ഈ ദുരിതകാലത്ത് രാഷ്ട്രീയവും മതവും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വിലങ്ങുതടിയാവാത്ത കാഴ്ചയാണ് എവിടെയും കാണാനാവുന്നത്.
അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ മതത്തിന്റെ അതിരുകളെ മുക്കിക്കളഞ്ഞ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ശ്രീകണ്ഠാപുരത്ത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീകണ്ഠാപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തില്‍ ആദ്യമായാണ് വെള്ളം കയറുന്നത്. വെള്ളത്തിനടിയിലായ ദേവീ ക്ഷേത്രം ശുചീകരിക്കാനെത്തിയതാവട്ടെ മുസ്ലിം ചെറുപ്പക്കാരും. ക്ഷേത്ര കമ്മിറ്റിക്കാരും കൈകോര്‍ത്തപ്പോള്‍ തീരാ നഷ്ടങ്ങള്‍ക്കിടയിലും നന്മയുള്ള കാഴ്ചകളായി അത് മാറി.
മഴയില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലടക്കം മുങ്ങി. വെള്ളം ഇറങ്ങിയപ്പോള്‍ ക്ഷേത്ര നവീകരണം വെല്ലുവിളിയായി. ചളിവന്നടിഞ്ഞ ക്ഷേത്രവും പരിസരവും വൃത്തിയാക്കാന്‍ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യര്‍ ഒന്നിച്ചു. പെരുന്നാള്‍ നമസ്‌കാരത്തിന് മുന്‍പ് പുലര്‍ച്ചെ അഞ്ച് മണിക്കുള്ള ദീപാരാധനയും പൂജയും നടക്കണമെന്ന് ഈ മനുഷ്യര്‍ ഉറച്ചു. മുസ്ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാര്‍ഡ് ടീമാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ പൂര്‍ണ സന്തോഷമെന്ന് പൂജാരിയുടെ മറുപടി. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ക്ഷേത്രം ശുചീകരിക്കുന്ന ചിത്രം നടന്‍ ആസിഫ് അലി ഉള്‍പ്പെടെയുള്ളവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
വയനാട്ടിലെ പൊന്‍കുഴി ശ്രീരാമക്ഷേത്രവും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി നല്‍കി. ക്ഷേത്രത്തിന്റെ ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളുമെല്ലാം വെള്ളത്തിനടിയിലായിരുന്നു. തുടര്‍ന്ന് വെള്ളമിറങ്ങിയതോടെ ക്ഷേത്രം വൃത്തിയാക്കാന്‍ മുസ്ലിം ലീഗിന്റെ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ഭാരവാഹികളെ സമീപിക്കുകയായിരുന്നു. ഭാരവാഹികള്‍ അനുവദിച്ചതോടെ ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂല്‍പ്പുഴയിലെയും 30 അംഗ സന്നദ്ധസേവകര്‍ രംഗത്തിറങ്ങി. ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും പ്രവര്‍ത്തകര്‍ വൃത്തിയാക്കി.
വയനാട്ടിലെ പൊന്‍കുഴിപ്പുഴ കരകവിഞ്ഞൊഴുകിയാണ് ക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങിയത്. പുഴയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. ഇതിനുശേഷം കെട്ടിടങ്ങളെല്ലാം കഴുകി വൃത്തിയാക്കി. വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടും തകര്‍ന്നിട്ടുണ്ട്. പോത്തുകല്ല് മുണ്ടേരി പൂളപ്പാറ മദ്രസയിലെ ക്യാമ്പിന് 10 മൊബൈല്‍ ശൗചാലയങ്ങളാണ് ഇന്നലെ സേവാഭാരതി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച് നല്‍കിയത്.
നാലു മൊബൈല്‍ ശൗചാലയങ്ങളാണ് നിലവില്‍ ഈ ക്യാമ്പിലുണ്ടായിരുന്നത് എന്നാല്‍ 1250 പേരുള്ള ക്യാമ്പില്‍ ഇത് മതിയാകാതെ വന്നതോടെയാണ് ക്യാമ്പിലുള്ളവരുടെ അഭ്യര്‍ത്ഥന പ്രകാരം 10 ശൗചാലയങ്ങള്‍ കൂടി നിര്‍മ്മിച്ച് നല്‍കിയത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് മന്ത്രി കെ.ടി ജലീലും എം.എല്‍ എ പി.വി അന്‍വറും ക്യാമ്പിലെത്തിയതും സേവാഭാരതി പ്രവര്‍ത്തകരെ അഭിനന്ദിച്ചതും. ഇത് കൂടാതെ പ്രളയ ദുരിതമനുഭവിക്കുന്ന വാളയാര്‍ ചാവടിപാറ ആദിവാസി ഊരിലേക്ക് ഭക്ഷണസാധനങ്ങളെത്തിച്ച് സേവാഭാരതി.
തോടും മലയും കാടും താണ്ടിയാണ് പ്രവര്‍ത്തകര്‍ ഊരിലെത്തിയത്. വെള്ളത്തിന്റെ ശക്തമായിട്ടുള്ള ഒഴുക്ക് ഉള്ളതിനാല്‍ സന്നദ്ധസംഘടനകള്‍ക്കൊന്നും ചാവടിപാറയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന പശ്ചാത്തലത്തിലാണ് സേവാഭാരതിയുടെ കൈത്താങ്ങ്. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് സേവാഭാരതി ഊരില്‍ എത്തിച്ചത്. ഇത് കൂടാതെ ക്യാംപില്‍ അഡ്വക്കേറ്റ് പ്രകാശ് ബാബുവിന്റെയും അലി അക്ബറിന്റേയും നേതൃത്വത്തില്‍ ഈദ് ആഘോഷങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്തായാലും മത സൗഹാര്‍ദ്ദത്തിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് എല്ലാ സന്നദ്ധ സംഘടനകളും നടത്തുന്നതെന്നത് കേരളത്തിന് അഭിമാനിക്കാനാവുന്ന കാര്യമാണ്.