പ്രണയം ഫാഷനും നേരമ്പോക്കും മാത്രമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് വ്യത്യസ്തമായ ഒരു പ്രണയത്തിന്റെ അനുഭവം പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വിവാഹത്തിന് മുമ്പ് അകാലത്തില്‍ പൊലിഞ്ഞ കാമുകിയുടെ മൃതദേഹത്തില്‍ താലി കെട്ടി സിന്ദൂരം ചാര്‍ത്തുന്ന കാമുകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ക്കൂടി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
അകാലത്തില്‍ പൊലിഞ്ഞ് പോയ തന്റെ പ്രിയതമയുടെ കഴുത്തില്‍ താലി കെട്ടുന്ന യുവാവിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. യുവാവ് നിര്‍വികാരനായി താലി കെട്ടുന്നതും സുഹൃത്തുക്കളും ബന്ധുക്കളും യുവാവിനെ ആശ്വസിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങളില്‍ യുവാവ് മരിച്ച കാമുകിയുടെ അടുത്ത് നിന്ന് മാറാതെ നില്‍ക്കുകയാണ്. സമീപത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഇയാളെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുമ്പോള്‍ മാറാതെ മൃതദേഹത്തെ കെട്ടിപ്പിടിക്കുന്നതും തുടര്‍ന്ന് പോക്കറ്റില്‍ നിന്ന് താലിയെടുക്കുകയുമാണ് ഇയാള്‍ ചെയ്യുന്നത്. മറ്റുള്ളവര്‍ വിലക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ മൃതദേഹത്തിന്റെ കഴുത്തില്‍ താലികെട്ടുകയും ചെയ്തു യുവാവ്.
ഇയാള്‍ പിന്മാറില്ല എന്ന് മനസിലാക്കിയതോടെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ഉയര്‍ത്തി താലികെട്ടാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. തുടര്‍ന്ന് കയ്യിലുള്ള സിന്ദൂരം കയ്യില്‍ എടുക്കുകയും ആചാര പ്രകാരം കുട്ടിയുടെ നെറ്റിയില്‍ ചാര്‍ത്തുകയും പിന്നീട് നെറ്റിയില്‍ തൊടുകയും ചെയ്യുന്നു. ഈ സമയത്ത് കൂടെ ഉള്ള ബന്ധുക്കള്‍ അലമുറയിട്ട് കരയുകയാണ്. തുടര്‍ന്ന് യുവാവിനെ അവിടെ നിന്നും മാറ്റുന്നു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും വീഡിയോയിലെ ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണെന്നതില്‍ വ്യക്തതയില്ല.
https://youtu.be/X8_wuVQ3oZg