ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യക്ക് ഇന്നലെ ഇരട്ട സ്വർണം. ആണ്‍കുട്ടികളുടെ 62 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുൻഗയും പെൺകുട്ടികളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറുമാണ് ഇന്ത്യക്കായി സ്വർണം കരസ്ഥമാക്കിയത്.
യൂത്ത് ഒളിന്പിക്സിൽ ഒരു ഇന്ത്യൻ പെൺകുട്ടിയുടെ ആദ്യ സ്വർണമാണ് 10 മീറ്റർ എയർ പിസ്റ്റളിലൂടെ മനു സ്വന്തമാക്കിയത്. ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചതും മനു ഭാകറാണ്. 236.5 പോയിന്റുമായാണ് മനു ഒന്നാമത് എത്തിയത്. ഷൂട്ടിംഗ് ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലും പതിനാറുകാരിയായ മനു സ്വർണം കരസ്ഥമാക്കിയിരുന്നു.
2018ൽ മനു നേടുന്ന നാലാമത് സ്വർണമാണിത്. കോമണ്‍ വെൽത്ത് ഗെയിംസ്, ജൂണിയർ ലോകകപ്പ്, ലോകകപ്പ് എന്നിവയിലാണ് മനു സ്വർണം കരസ്ഥമാക്കിയത്. ലോകകപ്പിൽ മിക്സഡ് ടീം ഇനത്തിൽ ജൂണിയർ സീനിയർ വിഭാഗത്തിലും മനുവിന് സ്വർണമുണ്ട്.
പതിനഞ്ചുകാരനായ ജെറെമി ലോക യൂത്ത് ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവാണ്. 274 കിലോഗ്രാം ഉയർത്തി ഇന്ത്യൻ താരം സുവർണ നേട്ടത്തിലെത്തി. സ്നാച്ചിൽ 124ഉം ക്ലീൻ ആൻഡ് ജർക്കിൽ 150ഉം കിലോഗ്രാം ജെറോമി ഉയർത്തി. 263 കിലോഗ്രാം ഉയർത്തിയ തുർക്കിയുടെ ടോപ്ടാസ് കാനർ വെള്ളിയും 260 കിലോഗ്രാം ഉയർത്തിയ കൊളംബിയയുടെ വില്ലർ സ്റ്റീവൻ വെങ്കലവും കരസ്ഥമാക്കി.
ഭാരോദ്വഹനത്തിൽ ഈ മിസോറം സ്വദേശി ഭാവിയിൽ ഇന്ത്യയുടെ കരുത്താകുമെന്ന സൂചനയാണ് അർജന്റീനയുടെ തലസ്ഥാനത്ത് ദർശിച്ചത്. യൂത്ത് ഒളിന്പിക്സിൽ ഇന്ത്യയുടെ നേട്ടം രണ്ട് സ്വർണവും മൂന്ന് വെള്ളിയുമായി.
ആണ്‍കുട്ടികളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗിൽ തുഷാർ മാനെ, പെണ്‍കുട്ടികളുടെ 44 കിലോഗ്രാം വിഭാഗം ജൂഡോയിൽ തബാബി ദേവി, പെണ്‍കുട്ടികളുടെ 10 മീറ്റർ എയർ റൈഫിളിൽ മെഹൂലി ഘോഷ് എന്നിവരാണ് വെള്ളി കരസ്ഥമാക്കിയത്. കഴിഞ്ഞ യൂത്ത് ഒളിന്പിക്സിലെ ഇന്ത്യയുടെ മെഡൽ നേട്ടത്തെ മറികടക്കുന്നതാണിത്. കഴിഞ്ഞ തവണ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്.