ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യയുടെ പതിനാറുകാരൻ സൗരഭ് ചൗധരിക്ക് സ്വർണം. 10 മീറ്റർ എയർ പിസ്റ്റളിലാണ് ഇന്ത്യയുടെ സൗരഭ്യം പരത്തി സൗരഭ് സ്വർണത്തിൽ മുത്തമിട്ടത്. ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം സ്വർണമാണിത്.
നേരത്തേ, പെണ്‍കുട്ടികളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകറും ആണ്‍കുട്ടികളുടെ 62 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ജെറെമി ലാൽറിന്നുൻഗയും സ്വർണം കരസ്ഥമാക്കിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറ് ആയി. ഇതിൽ നാല് മെഡലും ഷൂട്ടിംഗിലൂടെയാണ്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും10 മീറ്റർ എയർ റൈഫിളിൽ തുഷാർ മാനെയും മെഹുലി ഘോഷും വെള്ളി നേടിയിരുന്നു.
ഫൈനലിൽ 244.2 പോയിന്റോടെയാണ് സൗരഭ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കൊറിയയുടെ സങ് യുൻഹൊ 236.7 പോയിന്റോടെ വെള്ളിയും സ്വിറ്റ്സർലൻഡിന്റെ സോളാരി ജസണ്‍ 215.6 പോയിന്റോടെ വെങ്കലവും കരസ്ഥമാക്കി.
യൂത്ത് ഒളിന്പിക് സ്വർണത്തോടെ ഈ വർഷം സൗരഭ് ഹാട്രിക് പൂർത്തിയാക്കി. ജൂണിയർ ലോക ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും ഈ കൗമാര താരം സ്വർണം കരസ്ഥമാക്കിയിരുന്നു.
ജൂണിയർ മുൻ ലോക ഒന്നാം നന്പർ താരമായ ലക്ഷ്യസെൻ ആണ്‍കുട്ടികളുടെ ബാഡ്മിന്റണ്‍ സിംഗിൾസിൽ നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്ത് എത്തിയാണ് ലക്ഷ്യസെൻ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. എഫിൽ മൂന്ന് കളികളിൽ മൂന്ന് ജയവും ഇന്ത്യൻ താരം സ്വന്തമാക്കി.
യുക്രെയ്നിന്റെ ബോസ്നിക് ഡന്യാലോ, ബ്രസീലിന്റെ ഫാര്യസ് ഫാബ്രിക്കോ, ഈജിപ്തിന്റെ മുസ്തഫ കമൽ മുഹമ്മദ് എന്നിവരെയാണ് ഗ്രൂപ്പിൽ ലക്ഷ്യസെൻ കീഴടക്കിയത്. പെണ്‍കുട്ടികളുടെ ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ അർച്ചന കാമത്ത് സെമിയിൽ പരാജയപ്പെട്ടു. അണ്ടർ 18 ലോക ഒന്‍പതാം നന്പർ താരമാണ് അർച്ചന. സെമിയിൽ ലോക 21-ാം നന്പർ താരമായ സണ്‍ യിംഗ്ഷയാണ് അർച്ചനയെ 1-4നു കീഴടക്കിയത്.