വ്യത്യസ്തമായ ചില ആവശ്യങ്ങളുമായി ആളുകള്‍ കോടതി കയറുന്നതും അതിന് കോടതികള്‍ നടത്തുന്ന വിധികളും പലപ്പോഴും വാര്‍ത്തയാവാറുണ്ട്. സമാനമായ രീതിയില്‍ കൊല്ലം സ്വദേശിയും എംടെക്ക് വിദ്യാര്‍ത്ഥിയുമായ എ. അയ്യപ്പന് കോടതിയില്‍ സമര്‍പ്പിച്ച വ്യത്യസ്തമായ ഒരു പരാതിയ്ക്കാണിപ്പോള് തീരുമാനമായിരിക്കുന്നത്.
ട്രെയിനിലെ വിള്ളലിലൂടെ താഴെ വീണു പോയ ഫോണിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ത്ഥിയുടെ ആവശ്യം. അതിനാണിപ്പോള്‍ ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ പരിഹാരം ഉണ്ടായിരിക്കുന്നത്.
27,999 രൂപയാണ് അയ്യപ്പന് റെയില്‍വേ നല്‍കേണ്ടത്. ആലപ്പുഴ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ശിക്ഷ വിധിച്ചത്. ഷൊര്‍ണൂര്‍ സ്റ്റേഷന് സൂപ്രണ്ടും തിരുവനന്തപുരം ഡിവിഷനല്‍ മാനേജരുമാണു പിഴ ശിക്ഷ അടയ്ക്കേണ്ടത്. ഫോണിന്റെ വിലയായ 12999 രൂപയ്ക്കൊപ്പം 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചിലവും ചേര്‍ത്താണ് ഇ.എം.മുഹമ്മദ് ഇബ്രാഹിം പ്രസിഡന്റും ഷീല ജേക്കബ് അംഗവുമായ ഫോറത്തിന്റെ ഉത്തരവ്.
2017 ജൂണ്‍ 5നു കായംകുളത്തു നിന്നു ഷൊര്‍ണൂരിലേക്കുള്ള യാത്രയില്‍ അയ്യപ്പന്റെ ഫോണ്‍ പരശുറാം എക്സ്പ്രസിന്റെ കോച്ചിലെ വിള്ളലിനിടയിലൂടെ ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. ഫോണ്‍ നഷ്ടപ്പെട്ട ഉടനെ കോട്ടയം ആര്‍പിഎഫിലും ഷൊര്‍ണൂരില്‍ എത്തിയ ശേഷം റയില്‍വേ പോലീസിലും പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതിയുമായി എത്തിയത്. കോച്ചില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നു റെയില്‍വേ വാദിച്ചു. പക്ഷെ കോട്ടയം ആര്‍പിഎഫും റെയില്‍വേ പോലീസും കോച്ചിനുള്ളിലെ വിള്ളല്‍ സ്ഥിരീകരിച്ചിരുന്നു. ഇതു പരിഗണിച്ചാണു ഫോറം വിധി പുറപ്പെടുവിച്ചത്. ഒരു മാസത്തിനുള്ളില്‍ പിഴ നല്‍കിയില്ലെങ്കില്‍ 9 ശതമാനം പലിശയും പിന്നീടു താമസിച്ചാല്‍ 12 ശതമാനം പലിശയും നല്‍കണമെന്നും വിധിയിലുണ്ട്.