തമിഴ്‌നാട് പോലീസ് ഭൂലോക തോല്‍വി, കേരള പോലീസ് മാസ്സ്! ട്രെയിനില്‍ മോശം അനുഭവം നേരിട്ടതിനെക്കുറിച്ചും അതിനോട് രണ്ട് പോലീസ് വിഭാഗങ്ങളുടെ വ്യത്യസ്ത പ്രതികരണങ്ങളെക്കുറിച്ചും യുവാവിന്റെ അനുഭവക്കുറിപ്പ്

ട്രെയിനില്‍ നേരിട്ട മോശം അനുഭവവും തമിഴ്‌നാട് പോലീസും കേരള പോലീസും തമ്മിലുള്ള വ്യത്യാസവും എന്തെന്ന് തുറന്നെഴുതി യുവ എഴുത്തുകാരന്‍ അഖില്‍ ധര്‍മജന്‍. തമിഴ്‌നാട് റെയില്‍വെ പോലീസ് വെറും ഫ്‌ളോപ്പ് ആണെന്നും കേരള പോലീസ് മാസ്സ് ആണെന്നുമാണ് അഖില്‍ പറയുന്നത്.

ചെന്നൈയില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ യാത്രക്കാരുടെ ശല്യം സഹിക്കവയ്യാതെ തമിഴ്‌നാട് പോലീസിനെ സമീപിച്ചെങ്കിലും അവര്‍ മോശമായി പ്രതികരിക്കുകയായിരുന്നു എന്നും എന്നാല്‍ ട്രെയിന്‍ കേരളത്തില്‍ എത്തിയപ്പോള്‍ കേരള പോലീസ് കാര്യക്ഷമമായി ഇടപെട്ടെന്നും കാര്യത്തിന് തീരുമാനമുണ്ടാക്കിയെന്നും അഖില്‍ പറയുന്നു. അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നതിങ്ങനെ…

RIP റെയില്‍വേ പോലീസ്…!
ഞാന്‍ അഖില്‍ പി ധര്‍മ്മജന്‍. ഒരു അത്യാവശ്യ കാര്യത്തിനായി ചെന്നൈ സെന്‍ട്രലില്‍ നിന്നും എന്റെ സ്വദേശമായ ആലപ്പുഴയിലേക്ക് ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ട്രെയിന്‍ കയറി. പെട്ടെന്ന് ചെന്നാല്‍ റിസര്‍വേഷന്‍ ലഭിക്കാത്തതിനാല്‍ ജനറല്‍ ബോഗിയിലാണ് കയറിയത്. കയറിയപ്പോള്‍ ഒരു സ്ത്രീ അവര്‍ക്ക് ചുറ്റുമുള്ള സീറ്റുകളില്‍ ഇരിക്കരുത് കുടുംബം ഉണ്ടെന്ന് പറഞ്ഞു. അവരുടെ ഒപ്പം ഇരുന്ന ബാഗ് അല്ലാതെ സീറ്റുകളില്‍ ഒന്നിലും ഒരു തൂവാല പോലും ഇടാത്തതിനാല്‍ ഞാന്‍ ഒന്നില്‍ കയറി ഇരുന്നു.(ചില തമിഴ് സ്ത്രീകള്‍ സീറ്റ് പിടിച്ച് 50 രൂപയ്ക്കും 100 രൂപയ്ക്കും വില്‍ക്കുന്നത് കണ്ടിട്ടുണ്ട്). അപ്പോള്‍ ഒരു അന്‍പത് വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ് സംസാരിക്കുന്ന വ്യക്തി വന്ന് എന്നെ പിടിച്ചുവലിച്ച് എഴുന്നേല്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഇരുന്നവിടെ തന്നെ ഇരുന്നു.

എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും തടുത്തത് അല്ലാതെ അയാള്‍ക്ക് പ്രായം കൂടുതലായതിനാല്‍ ഞാന്‍ തിരികെ ഉപദ്രവിച്ചില്ല…പെട്ടെന്ന് പത്തോളം വരുന്ന ആളുകള്‍ വരികയും അവര്‍ പിടിച്ചതാണ് ആ സീറ്റെന്ന് പറയുകയും ആഹാരം വാങ്ങാന്‍ പോയതാണ് എന്ന് പറയുകയും ചെയ്തു. സീറ്റുകള്‍ക്ക് ഉടമ ഉണ്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ സീറ്റില്‍ നിന്നും മാറി ബര്‍ത്തില്‍ കയറി ഇരുന്നു. അപ്പോള്‍ പറയുന്നു അവര്‍ക്ക് അതും വേണം എന്ന്…അവിടെനിന്നും മാറാന്‍ ഞാന്‍ തയ്യാറായില്ല. ട്രെയിന്‍ എടുത്തപ്പോള്‍ മുതല്‍ ആ കുടുംബത്തിലെ സ്ത്രീ ഒഴികെ പിതാവ് എന്ന് തോന്നിച്ച വ്യക്തി അടക്കം പൊതുവായിരുന്ന് സിഗരറ്റ് വലിക്കുവാന്‍ ആരംഭിച്ചു. (പിതാവ് വലിച്ചത് എന്തോ ചുരുട്ട് ആണ്) ഞാന്‍ അത് വീഡിയോ എടുത്ത ശേഷം അകത്തിരുന്നുള്ള പുകവലി നിര്‍ത്താന്‍ ആവശ്യപ്പെട്ടു.എന്നെ കളിയാക്കിയ ശേഷം അവര്‍ പുകവലി തുടര്‍ന്നു.

ചില ഹിന്ദിക്കാര്‍ എതിര്‍ത്തപ്പോള്‍ മലയാളിയെയും ഹിന്ദിക്കാരനെയും എടുത്ത് വെളിയില്‍ എറിയണം എന്ന് പറഞ്ഞ് രണ്ട് വശങ്ങളിലായി ഇരുന്നിരുന്ന ആ ഫാമിലി ആരവങ്ങള്‍ മുഴക്കി. പുകവലി അസഹനീയമായപ്പോള്‍ ഞാന്‍ റെയില്‍വേ പോലീസില്‍ ഫോണ്‍ ചെയ്തു. സ്ഥലം കാട്പാടി സ്റ്റേഷന്‍ ആകുന്നതെ ഉണ്ടായിരുന്നുള്ളു. സമയം രാത്രി 12 കഴിഞ്ഞിരുന്നു. റെയില്‍വേ പോലീസ് എന്നുപറഞ്ഞ് കൊടുത്തിരിക്കുന്ന നമ്പര്‍ നിലവിലില്ല എന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് ആ കുടുംബം ബ്ലൂടൂത്ത് സ്പീക്കറില്‍ അമിതശബ്ദത്തില്‍ പാട്ട് വയ്ക്കുകയും സ്ത്രീ ഉള്‍പ്പെടെ ഉറക്കെ കൂവുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു. ഞാന്‍ ഉള്‍പ്പെടെ പലര്‍ പറഞ്ഞിട്ടും കേള്‍ക്കാത്തത് കൊണ്ടാവണം പലരും ഇത് സഹിച്ചിരിക്കുന്നത് കണ്ടു…

ചില യുവാക്കള്‍ക്ക് എന്നോട് ഒപ്പം ഒന്ന് സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കാനുള്ള ധൈര്യം പോലും ഇല്ലാതെ അപ്പുറത്തൊക്കെയായി ഇരിപ്പുണ്ട്. ഞാന്‍ ഇപ്പോഴും ഇതേ ട്രെയിനില്‍ ഈ പിതൃശൂന്യര്‍ക്കൊപ്പം യാത്രയിലാണ്…റെയില്‍വേ പോലീസിന്റെ 1512 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ചപ്പോള്‍ എടുത്തിട്ട് കംപ്ലെയ്ന്റ് പറയാന്‍ വിളിച്ചതാണെന്ന് പറഞ്ഞപ്പോള്‍ അനവധി തവണ കട്ട് ചെയ്ത് കളഞ്ഞു…അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇതിനൊപ്പം ചേര്‍ക്കുന്നു…പിന്നെ ട്രെയിനിലിരുന്ന് പുകവലിക്കുന്ന വീഡിയോയും ഞാന്‍ താക്കീത് ചെയ്ത ശേഷം അതിന്റെ ചൊരുക്ക് തീര്‍ക്കാന്‍ ആരെയും ഉറങ്ങാന്‍ സമ്മതിക്കാതെ സ്പീക്കറില്‍ പാട്ട് വച്ച് ബഹളം വയ്ക്കുന്ന വീഡിയോയും ചേര്‍ക്കുന്നു…

അവര്‍ പതിനഞ്ചോളം ആളുകള്‍ ഉണ്ടെങ്കിലും രണ്ടും കല്‍പ്പിച്ച് ആ ബ്ലൂടൂത്ത് സ്പീക്കര്‍ ഞാന്‍ ഓഫ് ചെയ്തു…ഇപ്പോള്‍ ഒരു ശാന്തതയാണ്…അഥവാ തുടര്‍ന്നുള്ള യാത്രയില്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സഹായത്തിന് വരേണ്ട റെയില്‍വേ പോലീസിനെ വിളിച്ചാല്‍ അവര്‍ എടുത്തിട്ട് കട്ടും ചെയ്യുന്നു…ഇനിയുള്ള ഒരു വഴി ഇത് മാത്രമാണ്…ഇതേ സ്ഥാനത്ത് ഒരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തിട്ട് റെയില്‍വേ പൊലീസിന് റീത്ത് വയ്ക്കാന്‍ തോന്നി…

അവളെ കയറി പിടിക്കുകയോ റേപ്പ് ചെയ്യാനോ ശ്രമിച്ചാല്‍ ഇതുപോലെ പതിനഞ്ചോളം ആളുകള്‍ കൂടെ ഉണ്ടെങ്കില്‍ നിസ്സഹായതയോടെ റെയില്‍വേ പോലീസിനെ രാത്രി സമയത്ത് വിളിച്ചാല്‍ ഇതാണ് അവസ്ഥ…തല്‍ക്കാലം വീഡിയോ സഹിതം ഇവിടെ പോസ്റ്റ് ചെയ്ത് ഞാന്‍ യാത്ര തുടരുന്നു…ഈ കുടുംബവും കേരളത്തിലേക്ക് ആണെന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി…നാളെ പകല്‍ പത്തുമണി വരെ നീളും ഈ യാത്ര…ഇവര്‍ എന്റെ നാടായ ആലപ്പുഴയിലേക്ക് ആകണേ എന്നേയുള്ളു ഇപ്പോള്‍ എന്റെ ഏക പ്രാര്‍ത്ഥന…!

Related posts