ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോയുണ്ട്. ഒരു റോഡിലെ സിസിടിവി ദൃശ്യങ്ങളാണവ. വണ്‍വേ എന്ന നിയമം തെറ്റിച്ചു തെറ്റായ ദിശയില്‍ നിന്നു വന്ന ജീപ്പിനെ യുവാവ് തന്റെ ബൈക്കുമായി നടുറോഡില്‍ തടഞ്ഞുനിര്‍ത്തുന്നതാണ് വീഡിയോ. മധ്യപ്രദേശിലെ ഭോപ്പാലിലായിരുന്നു സംഭവം. റോഡില്‍ പലതരം നിയമലംഘനങ്ങള്‍ കണ്മുന്നില് നടക്കുമ്പോഴും ആരും അതിനെ ചെറുക്കാനോ ചോദ്യം ചെയ്യാനോ മെനക്കെടാറില്ലെന്നിരിക്കെയാണ് 22 വയസുകാരനായ സഹില്‍ ബത്താവ് ധീരമായി പ്രതികരിച്ചത്. നിരത്തിലെ നിയമ ലംഘനത്തിനെതിരെ യുവാവ് നടത്തിയ ചെറുത്തുനില്‍പ്പിന്റെ വീഡിയോ നവമാധ്യമങ്ങള്‍ നെഞ്ചിലേറ്റിയതോടെ സഹില്‍ ഒരു കൊച്ചുഹീറോയുമായി.
വണ്‍വേ തെറ്റിച്ചെത്തിയ ജീപ്പിന് മുമ്പില്‍ ബൈക്ക് വച്ച് സഹില്‍ തടയുന്നതും ബൈക്ക് മാറ്റുന്നതിനായി ജീപ്പ് മുന്നിലേക്കെടുത്ത് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വിരട്ടലിലൊന്നും സഹില്‍ വീണില്ല. ഇതോടെ ജീപ്പില്‍ എത്തിയയാള്‍ യുവാവിനെ കൈകാര്യം ചെയ്യുന്നതും കാണാന്‍ സാധിക്കും. ഒടുവില്‍ ജീപ്പ് ഡ്രൈവര്‍ തന്നെ ജീപ്പ് പുറകോട്ട് എടുത്ത് പോയി. സംഭവത്തെ തുടര്‍ന്ന് സഹില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ‘അയാള്‍ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ ജീപ്പിന് വഴികൊടുക്കാത്തത്. പക്ഷേ ഞാന്‍ തടഞ്ഞിട്ടും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും അയാള്‍ അത് തിരുത്താന്‍ തയാറായില്ല’- സഹില്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് സഹില്‍ പറയുന്നതിങ്ങനെ: ‘ഞാന്‍ വണ്‍വേയിലൂടെ ബൈക്കില്‍ വരുന്നതിനിടെയാണ് തെറ്റായ ദിശയില്‍ നിയമം ലംഘിച്ച് ഒരു എസ്യുവി വേഗത്തില്‍ വരുന്നത് ശ്രദ്ധിച്ചത്. ഞാനും അയാളുടെ ജീപ്പും ഒരേ ലൈനില്‍ തന്നെയായിരുന്നു. തൊട്ടടുത്തെത്തിയപ്പോള്‍ ഞാന്‍ ബൈക്ക് നിര്‍ത്തി. ബൈക്ക് എടുത്ത് മാറ്റാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ നിയമം ലംഘിച്ചാണ് ഈ റോഡില്‍ എത്തിയതെന്നും വണ്ടി പുറകോട്ട് എടുക്കാനും ഞാന്‍ ആവശ്യപ്പെട്ടു. പക്ഷേ അയാള്‍ അത് ചെവിക്കൊണ്ടില്ല. ഞാന്‍ അയാളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം ഇതിനിടെ ഫോണില്‍ പകര്‍ത്തി. എന്നിട്ടും വാഹനം പുറകോട്ട് മാറ്റാന്‍ അയാള്‍ തയാറായില്ല. തുടര്‍ന്ന് ബൈക്കിലിരുന്ന എന്നെ ജീപ്പിടിച്ച് വീഴ്ത്താനും ഭയപ്പെടുത്താനും ശ്രമിച്ചു. എന്നിട്ടും ഞാന്‍ മുമ്പില്‍ നിന്ന് മാറാന്‍ തയാറാകാത്തതോടെ അയാള്‍ ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന് എന്നെ ക്രൂരമായി മര്‍ദിച്ചു. ഇതൊക്കെ നോക്കി നിരവധി പേര് അവിടെയുണ്ടായിരുന്നെങ്കിലും കുറച്ചു ആളുകള്‍ മാത്രമാണ് അജാനബാഹുവായ അയാളെ പിടിച്ചുമാറ്റാന്‍ എത്തിയത്’. സഹില്‍ പറയുന്നു.