സ്വന്തം ലേഖകൻ
കോട്ടയം: യൂത്ത് കോൺഗ്രസ് നേതൃത്വം കൈപ്പിടിയിലാക്കാൻ കോൺഗ്രസ് നേതാക്കളുടെ മക്കൾ രംഗത്തിറങ്ങിയതു പുതിയ വിവാദമാകുന്നു. പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങൾ രൂക്ഷമായി വരുന്നതിനിടെയാണ് യൂത്ത് കോൺഗ്രസിലും കലാപക്കൊടി ഉയരുന്നത്. കോട്ടയത്തെയും ആലപ്പുഴയിലെയും രണ്ടു നേതാക്കളുടെ നാലു മക്കളാണ് യൂത്ത് കോൺഗ്രസ് നേതൃതലത്തിൽ പിടിമുറുക്കുന്നത്.
മകനെ ഉറപ്പിക്കാൻ
യൂത്ത് കോൺഗ്രസ് പദവിയിലുള്ള മറ്റൊരു നേതാവിന്റെ മകനെ പുറത്താക്കി തന്റെ മകനെ നേതൃതലത്തിലേക്ക് ഉയർത്താനാണ് ഐ ഗ്രൂപ്പ് വിഭാഗത്തിലുള്ള നേതാവിന്റെ നീക്കം. ഈ നേതാവിന്റെ സോഷ്യൽ മീഡിയ അടക്കം ഇപ്പോൾ കൈകാര്യം ചെയ്യുന്നത് മകനാണ്.
യൂത്ത് കോൺഗ്രസിനെതിരേ ഒരു പത്രത്തിൽ വന്ന വാർത്ത തന്റെ വാട്സാപ്പ് സ്റ്റാറ്റസ് ആക്കി ഇട്ട സംഭവത്തിന്റെ ഐ ഗ്രൂപ്പ് നേതാവിന്റെ മകനെതിരേ യൂത്ത് കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പിൽ പ്രതിഷേധം വ്യാപകമായിരുന്നു.
ഈ നേതാവിന്റെ മകനു പിന്തുണയുമായി കോട്ടയം സ്വദേശിയായ എ ഗ്രൂപ്പിന്റെ നേതാവും സജീവമായി രംഗത്തുണ്ട്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മറ്റൊരു നേതാവിന്റെ മകനും സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്.
സീറ്റ് കിട്ടിയില്ല
കോട്ടയം സ്വദേശിയായ എ ഗ്രൂപ്പിന്റെ നേതാവ് തന്റെ മകന് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കാൻ ശ്രമിച്ചെങ്കിലും യൂത്ത് കോൺഗ്രസിന്റെ എതിർപ്പിൽ തീരുമാനം പിൻവലിക്കുകയായിരുന്നു.
ഇതിനു ചുക്കാൻ പിടിച്ചത് യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം വേണമെന്നും യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കിയതും ഈ കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയായിരുന്നു.
അതിനാൽ, യൂത്ത് കോൺഗ്രസിൽ മക്കളെ ഉപയോഗിച്ചു പിടിമുറുക്കാനാണ് ആലപ്പുഴ, കോട്ടയം നേതാക്കളുടെ നീക്കം. യൂത്ത് കോൺഗ്രസ് നേതൃത്വവുമായി ഭിന്നിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ പോയി വിദ്യാർഥികൾക്കു മൊബൈൽ ഫോൺ അടക്കമുള്ള കാര്യങ്ങൾ വിതരണം ചെയ്യുന്ന പരിപാടികളുമായാണ് ” ഫോർ ദി പീപ്പിൾ ‘ ഇറങ്ങുന്നത്.