സ്വന്തം ലേഖകൻ
കോട്ടയം: കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകനെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താവായി നിയമിച്ചതു മരവിപ്പിച്ചതിനു പിന്നിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ രാജി ഭീഷണി.
കൂട്ടത്തോടെ രാജിവയ്ക്കുമെന്നു പറഞ്ഞതിനെത്തുടർന്നാണ് നിയമനം തത്കാലം മരവിപ്പിച്ചതെന്നാണ് അറിയുന്നത്.
അഞ്ചു പേർ
സംഭവത്തിൽ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം വ്യാപകം. കടുത്ത പ്രതിഷേധങ്ങളെത്തുുടർന്ന് തിരുവഞ്ചൂരിന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെയടക്കം അഞ്ചുപേരുടെ നിയമനം മരവിപ്പിച്ചു.
അർജുൻ രാധാകൃഷ്ണൻ, ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വക്താക്കളായി നിയമിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ, സെക്രട്ടറി കെ.എസ്.ശബരിനാഥ് അടക്കമുള്ള നേതാക്കൾ രാജി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നിയമന ഉത്തരവ് മരവിപ്പിച്ചത്.
വൈകുന്നേരമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വക്താക്കളെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, ഉത്തരവ് വന്നതു മുതൽ യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം ഉയർന്നു വന്നിരുന്നു.
അറിയിച്ചില്ല
” സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് എന്ന നിലക്ക് എനിക്ക് ഈ നിയമനത്തെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിൽ എംഎൽഎ യൂത്ത് കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചത്.
ആലപ്പുഴയിൽ നിന്നുള്ള നേതാവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു; ” വക്താക്കൾ കോൺഗ്രസുകാരാണോ എന്ന് സംശയിക്കണം.
പാർട്ടിക്കുള്ളിൽ ബിജെപിയും സിപിഎമ്മും നുഴഞ്ഞുകയറുന്നുണ്ടോയെന്ന് പരിശോധിക്കണം. കെഎസ്യു, യൂത്ത് കോൺഗ്രസ് തലത്തിൽപോലും പ്രവർത്തിക്കാത്തെ ആളാണ് വക്താവ്. ഇവരൊക്കെ ഏത് പൃതൃത്വത്തിന്റെ അവകാശികളാണോയെന്ന് അറിയണം.
നടപടിയെടുത്തില്ല
തിരുവഞ്ചൂരിനെതിരേ പരസ്യ പ്രതികരണവുമായാണ് മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവ് പ്രതികരിച്ചത്;
“തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവായ ഡീൻ കുര്യാക്കോസിനു പോലീസ് മർദനമേറ്റപ്പോൾ നടപടിയെടുക്കണമെന്ന് പറഞ്ഞു ചെന്നപ്പോൾ യൂത്ത് കോൺഗ്രസിനെ പുച്ഛിച്ചു തള്ളിയ ആളുടെ മകനാണ് ഈ സ്ഥാനം നല്കിയതെന്നാണ് മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന്റെ വിമർശനം.
“മക്കൾ മഹാത്മ്യം’എന്നാണ് ഈ നിയമന നടപടിയെ യൂത്ത് കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിച്ചത്.
പ്രതിഷേധം കനത്തതോടെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ദേശീയ നേതൃത്വം ഇടപെട്ടു നിയമനം മരവിപ്പിക്കുകയായിരുന്നു.
മക്കൾ വരുന്നു
യൂത്ത് കോൺഗ്രസ് നേതൃത്വം കൈപ്പിടിയിലാക്കാൻ കോൺഗ്രസ് നേതാക്കളുടെ മക്കളുടെ കടന്നുവരവിനെക്കുറിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ, എ.കെ.ആന്റണിയുടെ മകൻ അനിൽ കെ.ആന്റണി, രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തല എന്നിവരാണ് യൂത്ത് കോൺഗ്രസിന്റെ തലപ്പത്തേക്കു വരാനുള്ള നീക്കം നടത്തുന്നത്.
ഇതിനെതിരേയാണ് യൂത്ത് കോൺഗ്രസ് പരസ്യമായി രംഗത്തു വന്നിരിക്കുന്നത്.