ഇന്ത്യയിലെ ഒരു ഗ്രാമത്തിലുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ച് സഞ്ചാരിയായ കിരൺ കുമാർ. ഗ്രാമത്തിലെത്തി ഫോട്ടോ എടുക്കുന്നത് കണ്ട് നാട്ടുകാർ കിരണിനെ വളയുകയായിരുന്നു.
ഒടുവിൽ ഒരുവിധം നാട്ടുകാരെ കാര്യം മനസിലാക്കി അവിടെനിന്നും മടങ്ങിയെന്നും കുറിക്കുന്നു
പോസ്റ്റിന്റെ പൂർണരൂപം
ചേച്ചി:”നീ എന്തു ചെയ്യുവാ നടന്നോണ്ട്?”
ഞാൻ:”ഫോട്ടോയും വീഡിയോയും എടുക്കുവാ”
ചേച്ചി:”നീ ഞങ്ങളുടെയും ഫോട്ടോ എടുക്കുമോ”?
ഞാൻ(സന്തോഷത്തോടെ):”അതിനെന്താ ചേച്ചീ എടുക്കാലോ” ക്യാമറ ഓൺ ചെയ്യുന്നു,റെക്കോർഡ് ബട്ടൺ ഞെക്കുന്നു.
ഉടനെ ചേച്ചി ഫോൺ എടുക്കുന്നു.ഉച്ചത്തിൽ ആരോടൊക്കെയോ സംസാരിക്കുന്നു.എന്തോ അപകടം മണത്ത ഞാൻ റെക്കോർഡ് നിർത്തി ക്യാമറ ഓഫ് ചെയ്തു.
പക്ഷേ സെക്കന്റിനകം ഒരുകൂട്ടം ആളുകൾ എന്നെ വളയുന്നു.പലരും പലതരം ചോദ്യം ആരംഭിച്ചു.
ഹിന്ദി കേട്ടാൽ മനസ്സിലാകും, പക്ഷേ മറുപടി കൃത്യമായി പറയാൻ അറിയില്ല, ഒരുപക്ഷേ പറഞ്ഞാൽ അതിന്റെ അർത്ഥം മാറിപ്പോയാലോ എന്ന ശങ്ക ഉണ്ട്.
അർത്ഥം മാറിയാൽ പിന്നെ നാട് കാണാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പാണ്.കൂടെ ഉണ്ടായിരുന്ന ബൈജുവിനെ പറഞ്ഞു വിട്ട് ഗ്രാമത്തിലൂടെ ഒറ്റയ്ക്ക് നടക്കാൻ ഇറങ്ങിയത് അബദ്ധമായോ എന്ന് ഒരു നിമിഷം ചിന്തിച്ചു.
പെട്ടെന്ന് വന്ന ധൈര്യത്തിൽ ഉറക്കെ ഇംഗ്ലീഷിൽ വിളിച്ച് ചോദിച്ചു “ഇവിടെ ആർക്കെങ്കിലും ഇംഗ്ലീഷ് അറിയാമോ”?.
ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെങ്കിലും കേട്ടാൽ മനസ്സിലാകും എന്ന് ഒരാൾ ഹിന്ദിയിൽ പറഞ്ഞു.
“ഞാൻ കേരളത്തിൽ നിന്നും സഞ്ചരിച്ച് വന്ന ഒരാളാണ്. എനിക്ക് നിങ്ങളുടെ നാട് ഒന്ന് കാണുകയും നിങ്ങളോടെല്ലാം സംസാരിക്കുകയും വേണം.
കൂടാതെ ഓർമ്മയ്ക്ക് ചിത്രങ്ങൾ പകർത്തുകയും വേണം. നിങ്ങളുടെ ഈ നാട് പോലെയല്ല എന്റെ നാട്.ഒരുപാട് വെത്യാസം ഉണ്ട്.
ആ വെത്യാസം എന്നാൽ കഴിയുന്നത് പോലെ മറ്റുള്ളവരെ കാണിക്കുകയും വേണം. ഞാൻ ഫോട്ടോ,വീഡിയോ എടുക്കുന്നതിന് ഇത്രയേ അർത്ഥം ഉള്ളു.
ആരെയും ദ്രോഹിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല”.എന്ന് ആ മനുഷ്യനോട് ഇംഗ്ലീഷിലും എനിക്ക് അറിയാവുന്ന ഹിന്ദിയിലും പറഞ്ഞു.
ആ മനുഷ്യൻ ഞാൻ പറഞ്ഞത് എല്ലാരോടും പറഞ്ഞു. ഞാൻ കുഴപ്പക്കാരനല്ല എന്ന് തോന്നിയോണ്ടാവണം അവർ വീഡിയോ എടുക്കാനും ഫോട്ടോ എടുക്കാനും സമ്മതിച്ചു. സ്വൽപം പേടിച്ചു എങ്കിലും ഇത് ഒരു നല്ല അനുഭവം ആയിരുന്നു❤️.
യൂറ്റൂബ് എന്ന് പറഞ്ഞാലോ ഇന്റർനെറ്റ് എന്ന് പറഞ്ഞാലോ അറിയാത്ത ചിലർ,കേരള എന്ന സംസ്ഥാനം ഉണ്ടെന്ന് പോലും അറിയാത്ത ആളുകൾ.
നമ്മുടെ ഭാഗ്യത്തെക്കുറിച്ച് ഞാൻ ഒരു നിമിഷം ആലോചിച്ചു. നമ്മിൽ എല്ലാവർക്കും നല്ല വിദ്യാഭ്യാസത്തിന് അവസരം ഉണ്ട്, ഇവർക്ക് അതില്ല. മുകളിലേക്ക് നോക്കാതെ അവർ താഴെ നോക്കി ജീവിക്കുന്നു.
യാത്രയിലെ മറക്കാനാവാത്ത ഈ അനുഭവം മുൻനിർത്തി ഞാൻ പേടി മാറ്റിവെച്ച് ഇനിയും ഗ്രാമങ്ങളിൽ കയറും.
ഇനിയും എല്ലാവരോടും അറിയുന്നത് പോലെ സംസാരിക്കും. അത് വലിയൊരു അനുഭവം ആണ്. യാത്രകൾ അവസാനിക്കുന്നില്ല.